14 കാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്‍. പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസറായ വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശന് (55) ആണ് അറസ്റ്റിലായത്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ ഇയാള്‍ നിര്‍ബന്ധിച്ച് വിളിച്ചിറക്കിക്കൊണ്ടു പോയി എന്നാണ് കേസ്.
ഫേസ്ബുക്ക് വഴി 14 കാരി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പെണ്‍കുട്ടിയെ നിർബന്ധിച്ചു. ഒടുവിൽ പെൺകട്ടി വഴങ്ങി. മകളെ കാണാതായതോടെ രക്ഷിതാക്കള്‍ അയിരൂര്‍ പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 3ന് കേസെടുത്തു.
പെണ്‍കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതിലൂടെ ലഭിച്ച വിവരങ്ങൾ പ്രകാരമാണ് പ്രതിയിലേക്ക് എത്തിയത്. വീട്ടില്‍ നിന്നും ഇറങ്ങിയ പെൺകുട്ടിയുമായി ഇയാള്‍ ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തി. പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് പ്രതിയെയും കുട്ടിയെയും കഴിഞ്ഞദിവസം എറണാകുളത്തു വച്ച് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കി.
പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം അയച്ചു.