HealthLIFE

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, പ്രമേഹമാകാം; നേരത്തെ പരിശോധന നടത്താം, പ്രതിരോധിക്കാം 

ജീവിതശൈലീ രോഗങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യാപകമാണ്. അതിൽതന്നെ ഏറ്റവും പ്രധാനമാണ് പ്രമേഹം. കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണ്. കോവിഡാനന്തരം ഇന്ത്യയിലും, കേരളത്തിലും ചെറുപ്പക്കാരിൽ അപ്രതീക്ഷിതമായി പ്രമേഹം വർധിച്ചു വരുന്നു എന്ന ഗുരുതര സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രമേഹം നേരത്തെ കണ്ടെത്തുകയും ഫലപ്രദമായി പ്രതിരോധിക്കുകയുമാണ് വേണ്ടത്. അറിയാം പ്രമേഹത്തെ, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…

എന്താണ് പ്രമേഹം

Signature-ad

ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. ഭക്ഷണം ദഹനപ്രക്രിയക്ക് വിധേയമാകുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗപ്രദമായ രീതിയിൽ കലകളിലേക്ക് (സെല്‍) എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ശരിയായ അളവിലോ, ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള പഞ്ചാസരയുടെ അളവ് കൂടുന്നു. ഈ രോഗത്തെയാണ് ഡയബറ്റിക്ക് മെലിറ്റസ് അഥവാ പ്രമേഹം എന്നറിയപ്പെടുന്നത്.രക്തത്തിൽ പഞ്ചസാരയുടെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിലും ഗ്ലൂക്കോസ് കാണപ്പെടാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജീവിത ശൈലി രോഗമായ ഇതിനെ ഷുഗർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.

ഈ ലക്ഷണങ്ങളെ തിരിച്ചറിയൂ:

വിശപ്പ്, അതിയായ ദാഹം, മറ്റ് കാരണങ്ങളില്ലാതെ ശരീരഭാരം കുറയുക, ഇടയ്ക്കിടെ മൂത്രശങ്ക, ക്ഷീണം, കാഴ്ചമങ്ങൽ ഇവയെല്ലാം പ്രമേഹരോഗ ലക്ഷണമാണ്. തുടർച്ചയായി ഉണ്ടാകുന്ന അണുബാധ, പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, സ്ത്രീകളിൽ യൂറിനറി അണുബാധ, വരണ്ട ചർമം, ചൊറിച്ചൽ, കഴുത്തിന്, കക്ഷത്തിന് ചുറ്റും കറുപ്പ് നിറം, വിയർപ്പിനും ശ്വാസത്തിനും പ്രത്യേക ഗന്ധം, കൈകാൽ വേദന, ഛർദ്ദിൽ, പെട്ടെന്ന് ഉണ്ടാകുന്ന ദേഷ്യവും സങ്കടവുമെല്ലാം പ്രമേഹത്തിന്റെ സൂചനകളാണ്.

നേരത്തെ പ്രമേഹ പരിശോധന നടത്താം

ഇന്ത്യയിൽ നിലവിൽ 30 വയസിൽ പ്രമേഹം പരിശോധന നടത്തണം എന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഇനി പ്രമേഹ പരിശോധന 25 വയസ് പ്രായത്തിൽ തന്നെ നടത്തണം എന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതി റിപ്പോർട്ട്. കോവിഡാനന്തര ഇന്ത്യയിൽ അപ്രതീക്ഷിതമായി രോഗലക്ഷണമില്ലാതെ പ്രമേഹം വർധിക്കുകയാണ്. 30 വയസിൽ താഴെയുള്ളവരിൽ 80 ശതമാനം പേരിലും അമിതവണ്ണം ഉള്ളവരിലുമാണ് പ്രമേഹം കണ്ടെത്തിയിട്ടുള്ളത്. ശരീരം മെലിഞ്ഞവരായാലും കുടവയറുള്ളവരും, കുടുംബത്തിൽ പാരമ്പര്യമായി പ്രമേഹം ഉള്ളവരും ആറ് മാസത്തിലൊരിക്കൽ പ്രമേഹ പരിശോധന നടത്തേണ്ടതാണ്. നമ്മുടെ ഫാസ്റ്റ് ഫുഡ്, താരതമ്യേന കൊഴുപ്പും, മധുരവും ഉപ്പും കൂടിയ ഭക്ഷണ രീതിയും, വ്യായാമം ഇല്ലായ്മയും ഒരു ജനതയെ ആകെ പ്രമേഹത്തിലേക്ക് തള്ളിവിടുന്നു എന്ന സാമൂഹ്യ യാഥാർത്ഥ്യം ഉൾക്കൊണ്ട് തിരുത്തൽ നടപടി കൈകൊള്ളാൻ ഒരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രതിരോധിക്കാം പ്രമേഹത്തെ:

പ്രമേഹം ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. ജീവിത ശൈലിയിലെ ചിട്ടപ്പെടുത്തൽ ആണ് പ്രധാന പോംവഴി, ഇതിൽ പ്രധാനം ആരോഗ്യകരമായ ശരീരഭാരം കൈവരിക്കുകയും, നിലനിർത്തുകയും വേണം. വ്യായാമം ശീലമാക്കണം. ശാരീരികമായി സജീവമാവുകയും ദിവസവും അരമണിക്കൂർ വ്യായാമം ശീലമാക്കുകയും വേണം. ഹൃദയമിടിപ്പിന്റെ നിരക്ക് കൂട്ടുന്ന എന്തും വ്യായാമമായി കരുതാം. പുകവലി, മദ്യം, പഞ്ചസാരയുടെ ഉപയോഗം, കൊഴുപ്പ് കൂടിയ ഭക്ഷണം ഇവ പ്രമേഹത്തിന് പ്രധാന കാരണക്കാരാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി, മാനസിക പിരിമുറുക്കം, വ്യായാമത്തിന്റെ അഭാവവുമെല്ലാം പ്രമേഹരോഗികളുടെ എണ്ണം കൂട്ടുന്നു. പ്രമേഹസാധ്യത കുറയ്ക്കുന്ന ഭക്ഷണമാണ് പച്ച നിറത്തിലുള്ള ഇലക്കറികൾ, പയറുവർഗം, നട്സ്, ഓട്സ്, ഓറഞ്ച്, ഗ്രീൻ ടീ എന്നിവ.

Back to top button
error: