തിരുവനന്തപുരം: കിളിപ്പാലത്ത് സിഗ്‌നല്‍ കാത്തിരുന്ന ബൈക്കുകള്‍ക്ക് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചുകയറി. അപകടത്തില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള ബൈക്ക് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസാണ് അപകടമുണ്ടാക്കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. സിഗ്‌നല്‍ കാത്ത് കിടക്കുകയായിരുന്ന ബൈക്കുകള്‍ക്ക് പിറകിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടിലേറെ ഇരുചക്ര വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടു പറ്റി. ഒരു ബൈക്ക് ബസിനടിയില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികളും നാട്ടുകാരും ആരോപിച്ചു. ബ്രേക്കിന്റെ തകരാര്‍ മൂലമാണ് അപകടം ഉണ്ടായതെന്ന് വരുത്തിത്തീര്‍ത്ത് ഡ്രൈവറെ രക്ഷിക്കാന്‍ അപകടം ഉണ്ടായ ഉടന്‍തന്നെ പാപ്പനംകോട് ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി മെക്കാനിക്ക് എത്തി ബസിന്റെ ബ്രേക്ക് അഴിച്ചുവിട്ടുവെന്നും നാട്ടുകാര്‍ ആരോപിച്ചു. മെക്കാനിക്കിനേയും ഡ്രൈവറേയും നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവെയ്ക്കുകയും ചെയ്തു. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.