IndiaNEWS

മധ്യപ്രദേശില്‍ ബി.ജെ.പി മുന്‍ നേതാവിന്റെ ഹോട്ടല്‍ സ്‌ഫോടനത്തില്‍ തകര്‍ത്തു; കൊലക്കേസില്‍ പ്രതിയായതിനു പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ നടപടി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി മുന്‍ നേതാവിന്റെ അനധികൃതമായി നിര്‍മ്മിച്ച ഹോട്ടല്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു. കൊലക്കേസ് പ്രതിയായ മിശ്രിചന്ദ് ഗുപ്തയുടെ ഹോട്ടലാണ് തകര്‍ത്തത്. ജനരോഷം ഉയര്‍ന്നതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു

ജഗ്ദീഷ് യാദവ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ് മിശ്രിചന്ദ് ഗുപ്ത. ഡിസംബര്‍ 22-ന് ജഗ്ഗിഷ് യാദവിനെ, ഗുപ്ത വാഹനം കയറ്റി കൊന്നുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ വലിയതോതില്‍ ജനരോഷം ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ അനധികൃത ഹോട്ടലിനെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്.

60 ഡൈനാമിറ്റുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. കെട്ടിടം നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തി. ജില്ലാ കലക്ടറുടെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കെട്ടിടം പൊളിക്കല്‍. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശം പോലീസ് വലയത്തിലാക്കുകയും ഗതാഗത നിയന്ത്രണമടക്കം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അതിനിടെ, ജഗ്ദീഷ് യാദവ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മിശ്രിചന്ദ് ഗുപ്ത ഒളിവിലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുപ്തയുടെ ഭാര്യയെ പരാജയപ്പെടുത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ബന്ധുവാണ് യാദവ്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.

 

Back to top button
error: