കോഴിക്കോട്: കോൽക്കളി മത്സരത്തിനിടെ വിദ്യാര്‍ഥി കാല്‍തെറ്റിവീണു; സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിൽ പ്രതിഷേധം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി വേദിയിലാണ് വിദ്യാര്‍ഥി തെന്നിവീണത്. വിദ്യാര്‍ഥിയുടെ കൈയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. അപകടമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കളും മത്സരാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവച്ചു.
പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. വേദിയിലെ കാര്‍പെറ്റ് മാറ്റാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് മത്സരാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ അല്‍സുഫീര്‍ എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. മത്സരം തുടങ്ങുന്നതിനുമുന്‍പു തന്നെ രക്ഷിതാക്കളും മത്സരാര്‍ഥികളും കാര്‍പെറ്റ് മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അധികൃതര്‍ പരിഹാരം കണ്ടില്ലെന്നും ഇവര്‍ പറയുന്നു.
പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തോടെയാണ് കലോത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായി.
കലോത്സവത്തില്‍ മത്സരിച്ചു വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും വിജയിക്കാനാകില്ല. എന്നാല്‍ ഈ മഹാമേളയില്‍ പങ്കെടുക്കാന്‍ കഴിയുന്നതു തന്നെ തങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന സംസ്‌കാരം കുട്ടികള്‍ വളര്‍ത്തിയെടുക്കണം. മാതാപിതാക്കളും മത്സരബുദ്ധി വെടിയണം. എല്ലാ കുട്ടികളുടേയും സര്‍ഗവാസന കണ്ടു മനം കുളിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.