തിരുവനന്തപുരം: മദ്യലഹരിയിലെത്തിയ അമ്മയുടെ കാമുകന്‍ മൂന്നര വയസ്സുകാരന്റെ മുഖത്ത് കമ്പുകൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ മുഖത്ത് കണ്ണിനു താഴെയും ചുണ്ടിനും അടിയേറ്റ് മുറിഞ്ഞു. വേദനകൊണ്ട് കരഞ്ഞ കുട്ടിയെ ഇയാള്‍ വീണ്ടും തല്ലിയതായി പരാതിയില്‍ പറയുന്നു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടന്ന് അടിമലത്തുറ, അമ്പലത്തിന്‍മൂല സ്വദേശി റോയിയെ(35) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പുതുവത്സരദിനത്തോടനുബന്ധിച്ച് കാമുകന്റെ വീട്ടിലായിരുന്നു കുട്ടിയും അമ്മയും. കുട്ടി ഉറങ്ങുന്നതിനിടെ അമ്മ സമീപത്ത് നടക്കുകയായിരുന്ന പുതുവത്സരാഘോഷം കാണാന്‍ പോയിരുന്നു.ഇതിനിടെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്.
കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് അമ്മയെ വിവരമറിയിച്ചത്. തുടര്‍ന്ന് കാമുകനും അമ്മയുമായി വഴക്കുണ്ടായെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.