KeralaNEWS

സ്‌കൂള്‍ കലോത്സവ വേദിയിൽ നിന്ന് ഉദിച്ചുയർന്ന താരങ്ങള്‍, മഞ്ജുവും നവ്യയും വിന്ദുജയും വിനീതും വിനീത് കുമാറും

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരകലാമാമാങ്കമായ കേരള സ്‌കൂള്‍ കലോല്‍സവത്തിെന് ഇന്ന് കോഴിക്കോട് കേളികൊട്ട് ഉയരുന്നു. കലോല്‍സവത്തിൻ്റെ 61-ാമത് പതിപ്പിനാണ് ഇന്ന് അരങ്ങൊരുങ്ങുന്നത്. നൃത്തം, സംഗീതം, കല എന്നിവ സമന്വയിക്കുന്ന സ്‌കൂള്‍ കലോത്സവങ്ങള്‍ കേരളത്തിൻ്റെ കലാ- സംസ്കാരിക ചരിത്രത്തിൽ വലിയ അടയാളപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്. മലയാള ചലച്ചിത്ര മേഖലയുടെ  മുഖ്യധാരയിലേക്ക് നിരവധി കലാകാരന്മാര്‍ കടന്നുവന്നതും ഈ മേളകളില്‍ കൂടി ആയിരുന്നു. അത്തരം ചില പ്രതിഭകളെ പരിചയപ്പെടാം.

മഞ്ജു വാര്യര്‍ മോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാകുന്നതിന് മുമ്പ്, സ്‌കൂള്‍ കലോത്സവത്തില്‍ രണ്ട് തവണ കലാതിലകം കിരീടം നേടിയ കൊച്ചു നര്‍ത്തകി എന്ന നിലയിൽ ജനപ്രിയയായിരുന്നു. 1992ലും 1995ലും കിരീടം സ്വന്തമാക്കിയ മഞ്ജു, പതിനേഴാം വയസില്‍ മോഹന്‍ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. 18-മത്തെ വയസില്‍ ലോഹിതദാസ് രചിച്ച  ‘സല്ലാപം’ (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

Signature-ad

വിനീത് പ്രതിഭാധനനായ നര്‍ത്തകനും നടനുമാണ്. സ്‌കൂള്‍ കലോല്‍സവത്തിലെ നൃത്ത പ്രകടനത്തിലൂടെയാണ് വിനീത് ആദ്യം പ്രേക്ഷകരെ കീഴടക്കിയത്. സ്‌കൂള്‍ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി നാലു തവണ ഭരതനാട്യത്തിന് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. 1986-ല്‍ കലാപ്രതിഭ സ്വര്‍ണമെഡല്‍ നേടിയ ആദ്യ വിദ്യാര്‍ഥി കൂടിയായ വിനീത് നിരവധി സിനിമകളില്‍ നര്‍ത്തകന്‍ എന്ന നിലയിലും സ്വന്തം കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

വിനീത് കുമാര്‍ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് യുവജനോത്സവത്തില്‍ കലാപ്രതിഭയായത് 1988ലാണ്. അതിനുമുമ്പ് സിനിമയില്‍ ചെറിയ ചുവടുകൾ വച്ചിട്ടുണ്ടെങ്കിലും യുവജനോത്സവ ജേതാവ് പട്ടം അദ്ദേഹത്തെ കലാപ്രേമികള്‍ക്ക് പ്രിയങ്കരനാക്കി. ‘ഒരു വടക്കന്‍ വീരഗാഥ’യിലെ അഭിനയത്തിന് 1989-ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടി.

നവ്യ നായര്‍ എന്ന ധന്യ 2001-ലെ യുവജനോത്സവത്തില്‍ നിരവധി മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയെങ്കിലും കലാതിലകം പട്ടം നഷ്ടമാതിലൂടെ വാര്‍ത്തകളില്‍ ഇടംനേടി. അന്ന് കലാതിലകം പട്ടം നേടിയ അമ്പിളി ദേവിയെ കുറ്റപ്പെടുത്തുകയും കരയുകയും ചെയ്യുന്ന നവ്യ നായരുടെ വീഡിയോ സോഷ്യല്‍ മീഡിയ  സൈറ്റുകളില്‍ ഇപ്പോഴും ജനപ്രിയമാണ്. ഭാഗ്യം പോലെ, ധന്യ പെട്ടെന്നുതന്നെ സിനിമാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. വ്യത്യസ്തമായ ധാരാളം വേഷങ്ങൾ ചെയ്ത നവ്യ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടി.

വിന്ദുജ മേനോന്‍ 1991-ല്‍ തിരുവനന്തപുരത്ത് നിന്ന് കലാതിലകം കിരീടം നേടുന്ന ആദ്യ വിദ്യാര്‍ത്ഥിനിയാണ്. കിരീടം നേടുന്നതിന് മുമ്പ് മോളിവുഡില്‍ കുറച്ച് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഈ വിജയം തന്റെ അഭിനയ ജീവിതം രൂപപ്പെടുത്താന്‍ സഹായിച്ചതായി നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Back to top button
error: