ശബരിമല: മകരവിളക്ക് മഹോത്സവത്തിന് നട തുറന്നതിനു പിന്നാലെ ശബരിമലയിലേക്ക് തീർഥാടന പ്രവാഹം. കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെയും തിരക്കേറി. അതേസമയം മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങളും സന്നിധാനത്ത് ആരംഭിച്ചു. പര്ണശാലകെട്ടി തീര്‍ത്ഥാടകര്‍ തങ്ങുന്ന പാണ്ടിത്താവളം ഭാഗത്ത് അടിക്കാടുകള്‍ വെട്ടിതെളിച്ചു. ആറിന് ശേഷം ഇവിടെ വൃത്തിയാക്കും. ജല വിതരണത്തിനായി കൂടുതല്‍ ടാപ്പുകളും സ്ഥാപിച്ചു.
ടോയ്ലറ്റുകള് പൂര്‍ണ്ണമായും തുറന്ന് കൊടുത്തു. ഇവിടെ മാത്രം 120 ടോയ്ലറ്റുകളാണ് ഉള്ളത്. ഇന്‍സിനറേറ്ററിന് മുകളില്‍ ഹോട്ടലുകള്‍ക്ക് പുറകിലുള്ള സ്ഥലത്ത് തീര്‍ത്ഥാടകര്‍ക്ക് മകരജ്യോതി ദര്‍ശനത്തിന് ഉള്ള സൗകര്യം ഒരുക്കും. ഇവിടെ രണ്ടര ഏക്കര്‍ സ്ഥലമാണ് തീര്‍ത്ഥാടകര്‍ക്ക് തങ്ങാന്‍ ക്രമീകരിക്കുക.
മകര വിളക്ക് കാലത്ത് ജലക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഉള്ള നടപടികളും അധികൃതർ സ്വീകരിച്ചു. കുന്നാര്‍ ഡാം, ചെക്ക്ഡാം, കുമ്പളം തോട് എന്നിവിടങ്ങളില്‍ നിന്നുമാണ് സന്നിധാനത്തേക്കാവിശ്യമായ വെളളം എത്തുന്നത്. കൂടാതെ പമ്പയില്‍ നിന്ന് വാട്ടര്‍ അതോറിറ്റിയും വെള്ളം എത്തിക്കുന്നുണ്ട്. സന്നിധാനത്തെ വിവിധ വാട്ടര്‍ ടാങ്കുകളിലായി രണ്ടരക്കോടി ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുവാന്‍ കഴിയും. ദിനം പ്രതി 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ കുമ്പളം തോട്ടില്‍ നിന്നും ലഭിക്കുന്നത്. പാണ്ടിത്താവളത്ത് അമ്പതിനായിരം തീര്‍ത്ഥാടകര്‍ക്ക് ജ്യോതി ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകും. കൊപ്രാപുരയുടെ സമീപത്ത് ശബരി ഗസ്റ്റ് ഹൗസിന് മുന്നില്‍ ഏഴായിരത്തി അഞ്ഞൂറ് പേര്‍ക്ക് ജ്യോതി ദര്‍ശനം നടത്താന്‍ കഴിയും.