സ്കൂട്ടർ ഇടിച്ചു വീഴ്ത്തി; കാറിനടിയിൽ കുടുങ്ങിയ യുവതിയുമായി കിലോമീറ്ററുകൾ പാഞ്ഞ് ക്രൂരത; യുവതിക്കു ദാരുണാന്ത്യം
ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ രാജ്യ തലസ്ഥാനത്ത് യുവതിക്കു ദാരുണാന്ത്യം. സ്കൂട്ടറിൽ കാറിടിച്ചു വീണതിനെത്തുടർന്ന് നിലത്തുവീണ യുവതിയെ കിലോമീറ്ററുകൾ വലിച്ചിഴച്ചായിരുന്നു കാർ യാത്രികരുടെ ക്രൂരത. സംഭവത്തിൽ 5 യുവാക്കൾ അറസ്റ്റിലായി. കാറിനടിയിൽ കുടുങ്ങി റോഡിലുരഞ്ഞ് വസ്ത്രങ്ങൾ നഷ്ടപ്പെട്ട് നഗ്നമായ നിലയിലായിരുന്നു മൃതദേഹം. പുതുവത്സര ദിനത്തിൽ പുലർച്ചെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുപത്തിമൂന്നുകാരി ദാരുണമായി കൊല്ലപ്പെട്ടത്.
രാവിലെ നാല് മണിയോടെയാണ് ദില്ലി സുൽത്താൻ പുരിയിൽ യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തിൽ തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങൾ കാറിനടിയിൽ കുടുങ്ങി. മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരിലൊരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ അറസ്റ്റിലായത്. യുവതിയുടെ വസ്ത്രങ്ങൾ കാറിനടിയിൽ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് യുവാക്കളുടെ വാദം. എന്നാൽ അഞ്ച് പേരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പൊലീസിനോട് ഹാജരാകാൻ നിർദേശിച്ചു. ദില്ലി അമൻ വിഹാർ സ്വദേശിയാണ് യുവതി.