ഗുണ്ടൂർ: ആന്ധ്രാപ്രദേശിൽ തെലുങ്ക് ദേശം പാർട്ടിയുടെ റാലിക്കിടെ വീണ്ടും അപകടം. തിക്കിലും തിരക്കിലുംപെട്ട് മൂന്നു മരണം. ടി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പത്ത് പേരുടെ നില ഗുരുതരമാണ്. ഒരാഴ്ചയ്ക്കിടെ ടിഡിപി റാലിയിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. നായിഡു വേദി വിട്ടതിന് പിന്നാലെയായിരുന്നു തിക്കും തിരക്കുമുണ്ടായത്.
ഗുണ്ടൂരിൽ തെലുങ്ക് ദേശം പാർട്ടി സംക്രാന്തി കാനുക എന്ന പേരിൽ സംഘടിപ്പിച്ച സൗജന്യ റേഷൻ കിറ്റ് വിതരണ പരിപാടിയിലാണ് ജനക്കൂട്ടം തിക്കിത്തിരക്കിയത്. കഴിഞ്ഞാഴ്ച നെല്ലൂരിലെ യോഗത്തിനിടെ സമാനമായ രീതിയിലുണ്ടായ തിക്കിലും തിരക്കിലും 8 പേർ മരിച്ചിരുന്നു.
ഡിസംബർ 29ന് ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോക്കിടെ അഴുക്കുചാലിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർ മരിച്ചിരുന്നു. ആന്ധ്രയിലെ നെല്ലൂരിൽ ചന്ദ്രബാബു നായിഡു കണ്ടുക്കർ നഗരത്തിൽ സംസാരിക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്. നായിഡുവിനെ കാണാൻ ജനങ്ങൾ തിരക്കു കൂട്ടുന്നതിനിടെ അഴുക്കുചാലിന്റെ സ്ലാബ് പൊട്ടി ആളുകൾ അതിൽ വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അപകടം നടന്നയുടനെ ചന്ദ്രബാബു നായിഡു യോഗം റദ്ദാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വ്യക്തമാക്കിയ നായിഡു, ഇവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.