ഗ്രേറ്റർ കൈലാഷ്: ദില്ലിയിൽ വൃദ്ധ സദനത്തിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ഗ്രേറ്റർ കൈലാഷ് മേഖലയിലെ സ്ഥാപനത്തിൽ ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിനാണ് തീപ്പിടുത്തമുണ്ടായത്. മരിച്ചവർ രണ്ടുപേരും സ്ത്രീകളാണ്. 13 പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപ്പിടുത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താൻ ഫോറൻസിക് സംഘം കെട്ടിടത്തല് പരിശോധന നടത്തി. ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Official statement on the recent fire incident at Antara Care Homes, Greater Kailash II. pic.twitter.com/VpWwWAfAgL
— Antara Senior Care (@AntaraSnrCare) January 1, 2023
അന്താര കെയർ ഹോം ഫോർ സീനിയേഴ്സ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. സ്ഥാപനത്തിൻറെ മൂന്നാം നിലയിലാണ് തീ പടർന്നത്. അഗ്നി ശമന സേനയുടെ അഞ്ച് വാഹനങ്ങൾ എത്തി മണിക്കൂറുകൾ ശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമായത്. പരിക്കേറ്റവരെ സാകേതിലെ മാക്സ് ആശുപത്രിയിലും ഓഖ്ലയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
മൂന്നാം നിലയിലുണ്ടായിരുന്നരണ്ട് പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്നാണ് സ്ഥാപനം വാർത്താക്കുറിപ്പിൽ വിശദമാക്കുന്നത്. സംഭവത്തിൽ ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൽ ദില്ലി പൊലീസിന് നോട്ടീസ് നൽകിയിട്ടുണ്ട്. അഗ്നിബാധയിൽ സ്ഥാപനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. കെട്ടിടത്തിൻറെ വലിയൊരു ഭാഗവും അഗ്നിക്കിരയായി. രക്ഷപ്പെടുത്തിയ അന്തേവാസികൾക്കും സ്ഥാപനത്തിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും സഹായികൾക്കും ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അന്താര കെയർ ഹോം ഫോർ സീനിയേഴ്സ് വിശദമാക്കി.