തിരുവനന്തപുരം: ടെറ്റാനിയം ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ശ്യാംലാലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. കേസിലെ ഒന്നാംപ്രതിയായ ദിവ്യയെ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ദിവ്യയെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്യാംലാലും പിടിയിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനാല് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കേസില്‍ നിര്‍ണായക അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്.
ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, എം.എല്‍.എ. ഹോസ്റ്റലിലെ മനോജ് എന്ന് പറയുന്ന ജീവനക്കാരന്‍, എം.എല്‍.എ. ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ ഇനിയും പിടിയിലാകാനുണ്ട്. മനോജ് വാങ്ങിനല്‍കിയ കാറിലാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പിനായി എത്തിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.
കേസിലെ ഒന്നാംപ്രതിയായ ദിവ്യാജ്യോതി ഫെയ്സ്ബുക്കിലൂടെ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. പരസ്യം കണ്ട് ബന്ധപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കും. ഇവരുമായി സംസാരിച്ച് ഇടപാട് ഉറപ്പിക്കും. ഉദ്യോഗാര്‍ഥികളെ നഗരത്തിലെ പലയിടത്തും വിളിച്ചുവരുത്തി കൂടിക്കാഴ്ചകള്‍ നടത്തും. പിന്നീട് ശ്യാംലാലും മറ്റുള്ളവരും ചേര്‍ന്ന് ഇന്റര്‍വ്യൂവിനെന്നപേരില്‍ കാറില്‍ ടൈറ്റാനിയത്തില്‍ എത്തിക്കും. കാറില്‍ കയറുമ്പോള്‍ത്തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കണമെന്ന നിബന്ധനയുമുണ്ട്.
ടൈറ്റാനിയത്തിലെ ശശികുമാരന്‍ തമ്പിയുടെ കാബിനില്‍വെച്ചാണ് ഇന്റര്‍വ്യൂ. ജോലിയെക്കുറിച്ചും സ്ഥാനക്കയറ്റ സാധ്യതകളെക്കുറിച്ചും ശശികുമാരന്‍ തമ്പി ഇവരോടു സംസാരിക്കും. ഇതോടെ ഉദ്യോഗാര്‍ഥികളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ സംഘാംഗങ്ങള്‍ക്ക് കഴിയും. ഇന്റര്‍വ്യൂവിനു മുന്‍പ് പകുതി തുക വാങ്ങുകയും ഇന്റര്‍വ്യൂവിനു ശേഷം ബാക്കി തുക ആവശ്യപ്പെടുകയുമാണ് പതിവ്. ഇത് ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമാണ് കൈപ്പറ്റുന്നത്. 15 ദിവസത്തിനകം അപ്പോയിന്റ്മെന്റ് ലെറ്റര്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം.
2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. വിവിധ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ ടൈറ്റാനിയത്തില്‍ ഒഴിവുകളുണ്ടെന്ന് കാണിച്ച് ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജ്യോതിയുടെ വീട്ടിലെത്തി ഭര്‍ത്താവ് രാജേഷിന്റെ സാന്നിധ്യത്തിലാണ് പലരും പണം നല്‍കിയത്. 29 പേരില്‍നിന്ന് ഒരു കോടി 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.