ഓരോ ദിനവും സന്തോഷപൂർണമാകാൻ സ്വയം ശ്രദ്ധിച്ചേ മതിയാവൂ, മനസ്സിനെ അതിനായി സജ്ജമാക്കണം
വെളിച്ചം
ആ വൃദ്ധസദനത്തില്‍ താമസത്തിനായി എത്തിയതാണ് 82 വയസ്സുകാരനായ അയാൾ. നരച്ചമുടിയൊക്കെ നന്നായി ചീകിയൊതുക്കി, വൃത്തിയുള്ള വേഷം ധരിച്ച് വളരെ സന്തുഷ്ടനായാണ് അയാൾ വന്നത്. 50 വര്‍ഷം ഒപ്പമുണ്ടായിരുന്ന പങ്കാളി മരിച്ചപ്പോള്‍ അയാൾ ജീവിതത്തില്‍ തനിച്ചായി. അങ്ങിനെയാണ് വൃദ്ധസദനത്തിലേക്ക് താമസം മാറാന്‍ തീരുമാനിച്ചത്. അയാള്‍ക്കായി മാറ്റിവച്ച മുറിയിലേക്ക് നടക്കുമ്പോള്‍ വൃദ്ധസദനത്തിലെ മാനേജര്‍ ആ മുറിയിലെ സൗകര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടിരുന്നു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു:
“ആ മുറി എപ്രകാരമുള്ളതായാലും മുറിയിലെ ക്രമീകരണങ്ങള്‍ എത്തരത്തിലുള്ളതായാലും ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു. ആ മുറിയെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഞാന്‍ ആ മുറിയുടെ സംവിധാനമല്ല, എന്റെ മനസ്സിന്റെ സംവിധാനത്തിനാണ് പ്രാധാന്യം കല്‍പിക്കുന്നത്…”
മാനേജർ കൗതുകത്തോടെ അയാളെ നോക്കി.
“നമ്മുടെ ഓരോ ദിവസവും ഈശ്വരന്‍ നല്‍കുന്ന വരദാനമാണ്. ജീവിതസാഹചര്യങ്ങളെ നിരീക്ഷിക്കാനും ജീവിതയാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്താനുമുള്ള അമൂല്യമായ അവസരമാണ് ഓരോ ദിവസങ്ങളും. ഓരോ ദിവസവും പുലരുമ്പോള്‍ നാം എടുക്കുന്ന തീരുമാനങ്ങളും നിശ്ചയങ്ങളുമാണ് നമ്മുടെ സന്തോഷത്തെ നിര്‍ണ്ണയിക്കുന്നത്. ഓരോ ദിനവും സന്തോഷ പൂർണമാകാൻ നാം തന്നെ ശ്രദ്ധിച്ചേ തീരൂ… ”
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ