‘നയാപൈസയില്ല’ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ, ഹിന്ദു- മുസ്ലിം പ്രണയ കഥ പറയുന്ന ‘നീലി സാലി’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 62 വർഷം
സിനിമ ഓർമ്മ
മലയാളത്തിലെ ആദ്യ ഹാസ്യചിത്രം എന്നറിയപ്പെടുന്ന ‘നീലി സാലി’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 62 വർഷം. ഹാസ്യചിത്രം എന്നതിനൊപ്പം ഹിന്ദു സമുദായത്തിൽപ്പെട്ട നീലിയുടെയും മുസ്‌ലിം വിഭാഗത്തിലെ സാലിയുടെയും പൂവണിയാത്ത പ്രണയത്തിന്റെ കഥ കൂടിയാണ് ഉദയാ ചിത്രമായ ‘നീലിസാലി.’ നിർമ്മാണവും സംവിധാനവും കുഞ്ചാക്കോ. രചന: ഉദയായ്ക്ക് വേണ്ടി 25ൽപ്പരം തിരക്കഥകളെഴുതിയ ശാരംഗപാണി.
അയൽക്കാരായ ഇബ്രാഹിമിന്റെയും ഇട്യാതിയുടെയും മക്കൾ വളർന്നപ്പോൾ പ്രേമബദ്ധരായത് സഹിക്കാനാവാതെ സുഹൃത് കുടുംബങ്ങൾ ശത്രുക്കളായി മാറുന്ന കാഴ്‌ചയാണ് സിനിമ കാണിച്ചു തന്നത്. പ്രണയിതാക്കൾ ഒളിച്ചോടുക, അവരെ പിടിച്ചുകെട്ടി അവരവരുടെ വീടുകളിൽ ബന്ധനസ്ഥരാക്കുക, കുടുംബപ്രശ്‍നം സമുദായിക ലഹളയിലെത്തുക തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളും സിനിമയിലുണ്ടായിരുന്നു. വ്യാപാരിയായ ഇബ്രാഹിമിന്റെയും മത്സ്യത്തൊഴിലാളിയായ ഇട്യാതിയുടെയും അന്തരം കാട്ടുന്നതിലൂടെ സാമൂഹിക- സാമ്പത്തിക വിടവുകളും ചിത്രത്തിൽ വിഷയമായി.
ബഹദൂർ നായകനായ ആദ്യചിത്രമാണ് നീലിസാലി. പുന്നശ്ശേരി കാഞ്ചന, വിലാസിനി രാമവർമ്മ എന്നിവരായിരുന്നു നടിമാർ.
മലയാളത്തിലെ മാസ്റ്റർപീസ് ഹാസ്യഗാനം, മെഹ്ബൂബ് പാടിയ ‘നയാപൈസയില്ല’ ഈ ചിത്രത്തിലേതാണ്. പി ഭാസ്‌ക്കരൻ- കെ രാഘവൻ ടീമിന്റെ 10 ഗാനങ്ങളിൽ ‘ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ’, ‘ദൈവത്തിൻ പുത്രൻ’ ജനിച്ചു തുടങ്ങിയവയും ഹിറ്റുകളായി.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ