കൊച്ചി: ഗുണ്ടാ – മാഫിയ ബന്ധത്തിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി തുടങ്ങി. കൊച്ചിയിൽ കളമശേരി എ.എസ്.ഐ: എസ്.ജി. മൃത്യുഞ്ജയനെയാണു സ്ഥലം മാറ്റിയത്. പോലീസിലെ അഴിമതി – ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരേ കര്‍ശന നടപടികളാണു സംസ്ഥാനത്തു സ്വീകരിച്ചുവരുന്നത്. ഗുണ്ടാ – മാഫിയ ബന്ധം, കൈക്കൂലി, ക്രിമിനല്‍ പശ്ചാത്തലങ്ങളുള്ള ഉദ്യോഗസ്ഥരെയാണു സ്ഥലം മാറ്റുന്നത്.
കൈക്കൂലി ആരോപണങ്ങള്‍ നേരിടുന്ന സഹാചര്യത്തിലാണു കളമശേരി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. മൃത്യുഞ്ജയനെ കളമശേരിയില്‍നിന്ന് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്കു മാറ്റിയത്. കൊച്ചി സിറ്റി ഡി.സി.പി: എസ്. ശശിധരനാണു സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഗുണ്ടാ – മാഫിയ ബന്ധങ്ങളും, ക്രിമിനല്‍ പശ്ചാത്തലങ്ങളും, കൈക്കൂലി ആരോപണങ്ങളും നേരിടുന്ന കോണ്‍സ്റ്റബിള്‍ മുതലുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും കടുത്ത നടപടികളിലേക്കു കടക്കുകയാണെന്നും ഡി.സി.പി. എസ്. ശശിധരന്‍ വ്യക്തമാക്കി.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ നിന്നു കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി. ഉള്‍പ്പെടെയുള്ളവര്‍ അകലം പാലിക്കണമെന്നു ഡി.ജി.പിയും നിര്‍ദേശിച്ചിരുന്നു. 828 ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരും ഗുരുതര കുറ്റം ആരോപിക്കപ്പെടുന്ന 59 പോലീസുകാരും സംസ്ഥാന പോലീസിലുണ്ട്. കൊച്ചി സിറ്റിയില്‍ 50 പേരും റൂറലില്‍ 40 പേരും ആരോപണവിധേയരാണ്. ഗുരുതമായ കുറ്റങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ പോലും പിരിച്ചുവിടലടക്കമുള്ള നടപടികളിലേക്ക് ആഭ്യന്തര വകുപ്പ് ഇപ്പോള്‍ കടക്കുന്നില്ല. 2021 ല്‍ രണ്ടുപേരെയും 2022 ല്‍ ഇതുവരെ നാലുപേരെയും മാത്രമാണു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടിട്ടുള്ളത്.