IndiaNEWS

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, അല്ലെങ്കില്‍ ‘ഭാരത് ജോഡോ’ യാത്ര മാറ്റിവെക്കൂ; രാഹുലിനോട് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, അല്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണമെന്നും കോണ്‍ഗ്രസിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, അശോക് ഗെഹലോട്ട് എന്നിവര്‍ക്ക് ആ ആവശ്യം ഉന്നയിച്ച് കത്തു നല്‍കിയത്.

മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്സിന്‍ എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിയില്ലെങ്കില്‍ യാത്ര നീട്ടിവെക്കണമെന്നും കത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

ചൈന, അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിമാനസര്‍വീസില്‍ നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിദേശരാജ്യത്ത് കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, നീതി ആയോഗ്, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.

പരിശോധന, വാക്സിനേഷന്‍ തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം സ്വീകരിച്ച അഞ്ചുഘട്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളുടെ സാംപിളുകള്‍ ജനിതകശ്രേണീകരണം നടത്തണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് രൂപപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

 

Back to top button
error: