ബംഗ്‌ളുരു: ബംഗ്‌ളുരുവിലും പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ്! കൈയ്യിൽ ആ കൊച്ച് ഡയറിയും ഒരു പേനയും പിടിച്ച് ആളുകൾക്കിടയിലൂടെ ഒഴുകി നീങ്ങുന്ന ഒരു മനുഷ്യൻ, അതാണ് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. ജർമനിയിലെ ലേസർ ചികിത്സയ്‌ക്കു ശേഷം തുടർചികിത്സയ്‌ക്കും വിശ്രമത്തിനുമായി ബംഗളുരുവിൽ കഴിയുന്ന ഉമ്മൻ ചാണ്ടി കഴിഞ്ഞ ആഴ്‌ച വരെ വളരെ വിഷമത്തിലായിരുന്നു. എന്നാൽ ഈ കഴിഞ്ഞ ഞായറാഴ്ച്ച പുതുപ്പള്ളിക്കാരെ കണ്ടതോടെ ഉമ്മൻ ചാണ്ടി ഉഷാർ! സകല ക്ഷീണവും മറന്ന അദ്ദേഹത്തിനു പഴയ ഉമ്മൻ ചാണ്ടിയാകാൻ നിമിഷങ്ങൾ മതിയായിരുന്നു.
ജർമ്മനിയിലെ ചികിത്സയ്ക്കുശേഷം തുടർചികിത്സയ്ക്കായാണ് ഉമ്മൻ ചാണ്ടി ബംഗളുരുവിൽ എത്തിയത്. ജർമനിയിൽനിന്നുള്ള ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചുള്ള ചികിത്സയാണു ബംഗളുരുവിൽ തുടർന്നു വരുന്നത്. മരുന്നുകൾക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ ദിനചര്യകൾ കൂടി ഉൾപ്പെടുത്തുന്നതാണു ചികിത്സാരീതി. ഇതിന്റെ ഭാഗമായി ഓരോ ദിവസത്തെയും ഊർജ്വസ്വലത മെഡിക്കൽ ബോർഡ് വിലയിരുത്തിയപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ ആളുകൾ എത്തുന്ന ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി കൂടുതൽ ഉൻമേഷവാനാകുന്നതായി ഡോക്‌ടർമാർ കണ്ടെത്തി. ഇതോടെയാണു ജനങ്ങൾക്കൊപ്പമുള്ള ജീവിതമാണ് ഉമ്മൻ ചാണ്ടിക്കുള്ള മരുന്നെന്നു ഡോക്‌ടർമാർ വിലയിരുത്തിയത്.
ഇതിനുശേഷം ആദ്യമായാണ് പുതുപ്പള്ളിയിൽനിന്നു മാറിനിൽക്കുന്നത്. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച്ച ബംഗളുരുവിൽ ഉമ്മൻ ചാണ്ടി താമസിക്കുന്ന വീട് അക്ഷരാർത്ഥത്തിൽ പുതുപ്പള്ളിയിലെ കരോട്ടു വള്ളകാലിൽ വീടായി. കെ.പി.സി സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനാണ് ആദ്യം എത്തിയത്. സജീന്ദ്രനുമായി രാഷ്‌ട്രീയ ചർച്ചകൾ തുടരുന്നതിനിടെ യു.ഡി.എഫ്. കോട്ടയം ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസും പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെയിംസ് കുന്നപ്പള്ളിയും എത്തി. പുതുപ്പള്ളി മണ്ഡലത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്നതിനാണ് ഇരുവരും എത്തിയത്. ഇതിനിടെ ഓൾ ഇന്ത്യ മീറ്റ് ഇൻഡസ്‌ട്രിൽ വെൽഫയർ അസോസിയേഷൻ ദേശിയ പ്രസിഡന്റ് സലീം എം.എയും അസോസിയേഷൻ സേലം ജില്ലാ പ്രസിഡന്റും എ.ഡി.എം.കെ. സേലം ജില്ലാ പ്രസിഡന്റുമായ ഡി.ടി. ഇളയരാജയും ഉമ്മൻ ചാണ്ടിയെ കാണാനെത്തി.
അയൽ സംസ്‌ഥാനങ്ങളിൽനിന്നും കാലികളെ കേരളത്തിലെത്തിക്കുന്നതിനുള്ള തടസങ്ങൾ നീക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. വിഷയത്തിൽ ഇടപെടാമെന്ന് ഉമ്മൻ ചാണ്ടിയുടെ ഉറപ്പ്. ഇതിനിടെ പുതുപ്പള്ളിയിൽനിന്നും വീണ്ടും ആളുകൾ എത്തിത്തുടങ്ങി. ഇതോടെ ഉമ്മൻ ചാണ്ടി പഴയ പ്രസരിപ്പോടെ അവർക്കിടയിലേക്ക് ഇറങ്ങി. ഓരോരുത്തരെയും വിളിച്ചു പുതുപ്പള്ളിയിലെ കാര്യങ്ങൾ ചർച്ച ചെയ്‌തു വേണ്ട നിർദേശങ്ങൾ നൽകി. ഇതിനിടെ ഫോണുമായി എത്തിയ സഹായി രാധാകൃഷ്‌ണന്റെ ഫോണിൽ കൂടിയും അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിനുള്ള നിർദേശം. ഓരോ വിഷയങ്ങളുമായി പലരും എത്തിത്തുടങ്ങിയതോടെ ഉമ്മൻ ചാണ്ടിയും സജീവമായി.
ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ദിവസങ്ങൾക്ക് മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചിരുന്നു. ഇക്കാര്യം സതീശൻ തന്നെയാണ് ഫേസ്‌ബുക് കുറിപ്പിലൂടെ അറിയിച്ചത്. ”പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ ബെംഗളൂരുവിൽ സന്ദർശിച്ചു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂർണ ആരോഗ്യവാനായെത്തുന്ന ഉമ്മൻ ചാണ്ടി എത്രയും വേഗം കർമ മണ്ഡലത്തിൽ സജീവമാകും”- അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ യുഡിഎഫ് കൺവീനർ എം.എം.ഹസൻ, മുൻ മന്ത്രി കെ.സി.ജോസഫ്, ബെന്നി ബഹനാൻ എം.പി. എന്നിവർ നേരത്തേ സന്ദർശിച്ചിരുന്നു.