NEWSTech

കേരളത്തിലും 5ജി സേവനങ്ങള്‍, നാളെ മുതല്‍ കൊച്ചിയില്‍ ലഭ്യമാകും

റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെമുതല്‍ കേരളത്തിലും. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്. നാളെ (ചൊവ്വ) വൈകിട്ട് 5.30ന് പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി സേവനം ഉദ്ഘാടനം ചെയ്യും. മേയർ എം അനിൽകുമാർ മുഖ്യാതിഥിയായിരിക്കും.

ഒക്ടോബര്‍ മുതലാണ് റിലയന്‍സ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈ, ഡല്‍ഹി,കൊല്‍ക്കത്ത നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കിയത്. ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

Signature-ad

കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞു. 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ ലിസ്റ്റ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് കൊച്ചിയാണ് ലിസ്റ്റിലുണ്ടായിരുന്നത്.

5ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും രണ്ട് വീതം നഗരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഓരോ നഗരങ്ങളിൽ മാത്രമാണ് 5ജി എത്തിയത്.

Back to top button
error: