IndiaNEWS

യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍… അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ വന്‍സേനാവിന്യാസം, ഉപഗ്രഹചിത്രങ്ങൾ പുറത്ത്

ഇറ്റനഗർ: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈനയുടെ വന്‍യുദ്ധസന്നാഹമെന്നു സൂചന. ഇതു സാധൂകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നു. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടെ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങളാണു പുറത്തുവന്നത്. തവാങ്ങില്‍ നടന്ന കടന്നുകയറ്റശ്രമം വെറിതേയല്ലെന്നും വിലയിരുത്തല്‍.

ഇന്ത്യയുടെ വടക്ക് – കിഴക്ക് മേഖലയെ ലക്ഷ്യംവെച്ചാണ് ചൈനയുടെ യുദ്ധസന്നാഹമെന്നാണ് റിപ്പോര്‍ട്ട്. ടിബറ്റന്‍ മേഖലയിലെ പ്രധാന വ്യോമ താവളങ്ങളിലാണ് വന്‍തോതില്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും സജ്ജമാക്കിയത്. അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്ന് 150 കിലോ മീറ്റര്‍ മാത്രം ദൂരത്തുള്ള ചൈനയുടെ ബാങ്ദ വിമാനത്താവളത്തില്‍നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.

Signature-ad

അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് ചൈനയുടെ യുദ്ധസന്നാഹങ്ങളുടെ ചിത്രം പുറത്തു വരുന്നത്. എന്‍.ഡി.ടി.വിയാണ് ചൈനയുടെ യുദ്ധസന്നാഹം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സേന

ചൈനയുടെ അത്യാധുനിക ഡ്രോണ്‍ ആയ ‘സോറിങ് ഡ്രാഗണ്‍’ ഡ്രോണിന്റെ സാന്നിധ്യവും ചിത്രങ്ങളില്‍ കാണുന്നതായാണ് റിപ്പോര്‍ട്ട്. 2021-ലാണ് അത്യാധുനിക സംവിധാനങ്ങളടങ്ങിയ സോറിങ് ഡ്രാഗണ്‍ ചൈന പുറത്തിറക്കിയത്. 10 മണിക്കൂറോളം നിര്‍ത്താതെ പറക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ചാരവൃത്തി, രഹസ്യാന്വേഷണ ദൗത്യങ്ങള്‍, ക്രൂയിസ് മിസൈലുകളിലേക്ക് ഡാറ്റകള്‍ കൈമാറല്‍ തുടങ്ങിയവയാണ് ഡ്രോണുകളുടെ ദൗത്യങ്ങള്‍. ചൈനയുടെ പ്രകോപനം രൂക്ഷമായതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ജാഗരൂകരായി അരുണാചല്‍ പ്രദേശ് വ്യോമപാതകളില്‍ പട്രോളിങ് നടത്തുന്നുണ്ട്. ഭീഷണി നിലനില്‍ക്കെത്തന്നെ കഴിഞ്ഞ ആഴ്ചകളിലായി രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ വ്യോമസേന തുരത്തുകയും ചെയ്തിരുന്നു.

Back to top button
error: