NEWSPravasi

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസിലെ ക്രമക്കേടുകൾ കണ്ടെത്താൻ കർശന പരിശോധനകൾ തുടരുന്നു; 40 ദിവസത്തിനുള്ളിൽ 1000 ലൈസൻസുകൾ പിൻവലിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധനകള്‍ തുടരുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 40 ദിവസത്തിനുള്ളിൽ പ്രവാസികളുടെ 1000 ഡ്രൈവിംഗ് ലൈസൻസുകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിൻവലിച്ചു. പ്രതിദിനം 23 ഡ്രൈവിംഗ് ലൈസൻസുകൾ ആണ് ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയതോടെ പിന്‍വലിക്കപ്പെട്ടത്. ശമ്പളം, യൂണിവേഴ്സിറ്റി ബിരുദം, തൊഴിൽ എന്നിങ്ങനെ ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ പാലിക്കാത്തത് കൊണ്ടാണ് ലൈസന്‍സുകള്‍ പിന്‍വലിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിൽ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശപ്രകാരമാണ് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കുന്നത്. ലൈസൻസ് പിൻവലിച്ച ശേഷം വാഹനമോടിക്കുന്ന പ്രവാസികളെ പിടികൂടാനും രാജ്യത്തെ നിയമം ലംഘിച്ചതിന് നാടുകടത്താനും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പട്രോളിംഗ് ടീമുകൾക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമം അനുസരിച്ച് പ്രവാസികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ കഴിയില്ല. കൂടാതെ റദ്ദാക്കിയ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാനാകില്ല.

Signature-ad

കുവൈത്തിലെ ഡ്രൈവിങ് ലൈസന്‍സ് ഉടമകളില്‍ ഭൂരിഭാഗവും പ്രവാസികളായതിനാല്‍ ലൈസന്‍സിന്റെ സാധുതാ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പരിശോധനകളിലൂടെ ലക്ഷ്യമിടുന്നതായാണ് അധികൃതര്‍ പറയുന്നത്. പ്രവാസികള്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിലും നിയന്ത്രണം കൊണ്ടുവരാന്‍ ട്രാഫിക് അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തില്‍ ഇത് നടപ്പാക്കാനാണ് ആലോചന. ഇതിന്റെ ആദ്യഘട്ടമായി ഒന്നിലധികം വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് പ്രവാസികളെ വിലക്കുമെന്നാണ് സൂചന. നേരത്തെ തന്നെ ഇത് സംബന്ധിച്ച തീരുമാനം സുപ്രീം ട്രാഫിക് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അംഗീകാരം നല്‍കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു.

Back to top button
error: