KeralaNEWS

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി, സി.പി.എം. അംഗങ്ങൾ ഏറ്റുമുട്ടി

  • ഒന്‍പതു ബി.ജെ.പി വനിതാ കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമനക്കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ബി.ജെ.പി, സി.പി.എം കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബാനര്‍ ഉയര്‍ത്തി എത്തിയ ബി.ജെ.പി വനിതാ കൗണ്‍സിലര്‍മാര്‍, മേയര്‍ ആര്യാ രാജേന്ദ്രനെ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.

പ്രതിഷേധത്തിനിടെ സി.പി.എം കൗണ്‍സിലര്‍ ഡി.ആര്‍.അനില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബി.ജെ.പി ആരോപിച്ചതോടെ ബഹളം രൂക്ഷമായി. പൈസ ആണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണം എന്നായിരുന്നു അനിലിന്റെ പരാമര്‍ശമെന്ന് ബി.ജെ.പി ആരോപിച്ചു. പിന്നാലെ രൂക്ഷമായ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. എന്നാല്‍, സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ഡി.ആര്‍. അനില്‍ പറഞ്ഞു. അനിലിനെ സംരക്ഷിച്ച് മേയര്‍ ആര്യാ രാജേന്ദ്രനും രംഗത്തുവന്നു. അനിലിന്റെ പരാമര്‍ശം ശ്രദ്ധയില്‍ പ്പെട്ടില്ലെന്നായിരുന്നു മേയറുടെ നിലപാട്.

Signature-ad

കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ച ബി.ജെ.പി കൗണ്‍സിലര്‍മാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ച ഒന്‍പതു ബി.ജെ.പി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ നേരിട്ട കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധിച്ചു. കൗണ്‍സില്‍ ഹാളില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തുമെന്ന് ബി.ജെ.പി അറിയിച്ചതോടെ അജന്‍ഡകള്‍ പൂര്‍ത്തിയാക്കി കൗണ്‍സില്‍ യോഗം അവസാനിച്ചു. അതേസമയം, നിയമനക്കത്ത് വിവാദത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

Back to top button
error: