ആലപ്പുഴ: കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ നവജാത ശിശുവിനെ മാറി നല്‍കിയ സംഭവത്തില്‍ പിഴവ് ആശുപത്രി ജീവനക്കാരിയുടേതെന്ന് കണ്ടെത്തല്‍. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് ആശുപത്രിയില്‍ നേരിട്ടെത്തി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കി. ബന്ധപ്പെട്ട ജീവനക്കാരി മികച്ച സര്‍വീസ് റെക്കോര്‍ഡുള്ള ആളാണെന്നും ഇത് ആദ്യ സംഭവമാണെന്നും താക്കീതു നല്‍കിയിട്ടുണ്ടന്നും അധികൃതര്‍ പറഞ്ഞു.
ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരുടെ യോഗം വിളിച്ച് ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കി. ആശുപത്രിയിലെ അറ്റന്‍ഡറാണ് കുഞ്ഞിനെ കൈമാറിയതെന്നും ഹൗസ് കീപ്പിങ് ജീവനക്കാരിയല്ലെന്നും ഡി.എം.ഒ പറഞ്ഞു. ജില്ലാ ബാല ക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടി.വി മിനിമോളും ആശുപത്രിയില്‍ എത്തി അന്വേഷണം നടത്തി.