CrimeNEWS

ബ്രിട്ടനില്‍ മലയാളി നഴ്സും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്‌സും രണ്ടു കുട്ടികളും കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍.
നോര്‍ത്താംപടണ്‍ഷയറിലെ കെറ്ററിംങ്ങിലാണ് ഇന്നലെയാണ് സംഭവം. കണ്ണൂര്‍ സ്വദേശികളായ കുടുംബം ഒരു വര്‍ഷം മുമ്പാണ് യു.കെയിലെത്തിയത്. ഇവരെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേറ്ററിംങ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ യുവതിയും ഇവരുടെ ആറു വയസ്സുള്ള ആണ്‍കുട്ടിയും നാലുവയസ് പ്രായമുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Signature-ad

മലയാളികളുടെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ബ്രിട്ടനിലെ മലയാളി സമൂഹം. അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയില്ല. യുവതി ജോലിക്ക് ഹാജരാകാത്തതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

”ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വന്‍ പോലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറിയത്. താമസിയാതെ രണ്ടുതവണ എയര്‍ ആംബുലന്‍സ് പറന്നുപൊങ്ങുന്നതു കണ്ടു” എന്നു മാത്രമാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. വീടിനു സമീപത്തുനിന്നും പോലീസ് ഒരു കാര്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ വിശദാംശങ്ങള്‍ വ്യക്തമാകൂവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.

Back to top button
error: