കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകിട്ടാണു വീണ്ടും സംഘര്‍ഷമുണ്ടായത്. ജയില്‍ ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരും പുതിയതായി നിര്‍മ്മിച്ച ജയില്‍ ബ്ലോക്കിലെ കാപ്പ തടവുകാരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.
മൂന്നാം ബ്ലോക്കിലെ തടവുകാര്‍ പുതിയെ ബ്ലോക്കിലെ കാപ്പ തടവുകാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഏറ്റുമുട്ടുകയുമായിരുന്നു. കാപ്പ തടവുകാരനായ തൃശൂര്‍ സ്വദേശി വിവേക് വില്‍സന്‍ (22) ആണു പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. നേരത്തെ നിരവധി തവണ കാപ്പ തടവുകാര്‍ തമ്മിലും മറ്റു ബ്‌ളോക്കിലെ തടവുകാരുമായും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കാപ തടവുകാരെ സെല്ലിനു പുറത്തിറക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
സെന്‍ട്രല്‍ ജയിലില്‍ കാപ തടവുകാര്‍ ഏറ്റുമുട്ടുന്നതും ഗുരുതരമായി പരുക്കേല്‍ക്കുന്നതും ആവര്‍ത്തിക്കുകയാണ്. തൃശൂര്‍, കോട്ടയം, എറണാകുളം ജില്ലകളിലെ കാപ തടവുകാരാണു കണ്ണൂരിലുള്ളത്. ഇവര്‍ അക്രമാസക്തരാണെന്നു ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. തൃശൂര്‍ സ്വദേശികളായ കാപ്പ തടവുകാരുടെ മര്‍ദ്ദനമേറ്റു ജയിലില്‍ ബാര്‍ബറായി ജോലി ചെയ്തിരുന്നു ബി.ജെ.പി പ്രവര്‍ത്തനകന് പരുക്കേറ്റിരുന്നു.
ഇതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരും സംഘം ചേര്‍ന്നു തിരിച്ചടിച്ചു. ആയിരത്തിലേറെ അന്തോവാസികള്‍ പാര്‍ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍സുരക്ഷാഭീഷണിയുണ്ടെന്ന് നേരത്തെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്തിയ സംഭവത്തില്‍ സുരക്ഷാവീഴ്ചപറ്റിയെന്ന വകുപ്പുതല അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് മാസങ്ങളായി സസ്പന്‍ഷനിലാണ്. ഇതോടെ ജയില്‍ നാഥനില്ലാകളരിയുടെ അവസ്ഥയിലാണ്.