സ്വവർഗ ലൈംഗികത ഇനി കുറ്റമല്ല; നിയമത്തിൽ ഇളവ് വരുത്തി കരീബിയൻ രാഷ്ട്രമായ ബാർബഡോസ്
സ്വവർഗാനുരാഗികളോടും ഭിന്നലിംഗക്കാരോടുമുള്ള സമീപനത്തിൽ ലോകമെമ്പാടും മാറ്റങ്ങൾ വരികയാണ്. ആ പാത പിന്തുടരാനാണ് കരീബിയൻ ദ്വീപ് രാഷ്ട്രമായ ബാർബഡോസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി, രാജ്യത്തു നിലനിന്നിരുന്ന കടുത്ത നിയമങ്ങളില്‍ ബാർബഡോസ് തിരുത്തലുകള്‍ വരുത്തുകയാണ്. യൂറോപ്യന്‍ സദാചരത്തിന്‍റെ നിയമാവലികളാല്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു, ഒരു കാലത്ത് കോളനി രാഷ്ട്രമായിരുന്ന ബാര്‍ബഡോസിലെ നിയമങ്ങളും. എന്നാല്‍, പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി 56 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിമയങ്ങളില്‍ ചിലത് ബാര്‍ബഡോസ് തിരുത്തി എഴുതുകയാണ്. സ്വവര്‍ഗ്ഗ ലൈംഗികതയെ കുറ്റമായി കണ്ട കൊളോണിയൽ കാലഘട്ടത്തിലെ നിയമമാണ് ബാർബഡോസിലെ ഹൈക്കോടതി റദ്ദാക്കിയത്.
അപൂര്‍വ്വമായാണ് ഈ നിയമം ബാര്‍ബഡോസില്‍ പ്രയോഗിച്ചിട്ടുള്ളതെങ്കിലും സ്വവർഗ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടെന്ന് തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്. പുതിയ നിയമത്തോടെ കോളോണിയല്‍ നിയമങ്ങള്‍ തിരുത്തി എഴുതുന്ന മൂന്നാമത്തെ കരീബിയന്‍ രാജ്യമായി ബാര്‍ബറോസ് മാറി. പുതിയ നിയമത്തിനായി പോരാട്ടിയ എല്‍ജിബിടിക്യൂ+ കൂട്ടായ്മയിലെ അംഗങ്ങള്‍ വിധിയെ സ്വാഗതം ചെയ്തു, പുതിയ നിയമം സ്വകാര്യതയും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതായി സംഘടന അവകാശപ്പെട്ടു. വിധി എല്ലാ ബാർബാഡിയൻമാരുടെയും സ്വകാര്യതയ്ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ ഏകീകരിക്കുന്നു, കൂടാതെ കിഴക്കൻ കരീബിയൻ പ്രദേശത്തുടനീളമുള്ള എല്‍ജിബിടിക്യൂ+ ആളുകളെ സ്വാധീനിക്കുന്നു എന്ന് പ്രാദേശിക അഭിഭാഷക ഗ്രൂപ്പായ ഈസ്റ്റേൺ കരീബിയൻ അലയൻസ് ഫോർ ഡൈവേഴ്‌സിറ്റി ആൻഡ് ഇക്വാലിറ്റി പ്രതികരിച്ചു.
കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങളായ ആന്‍റിഗ്വയിലും സെന്‍റ് കിറ്റ്സ് ആന്‍റ് നെവിസിലും ഈ വര്‍ഷമാദ്യം സമാനമായ വിധി വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോളോണിയല്‍ നിയമങ്ങളില്‍ ബാര്‍ബഡോസും തിരിത്തല്‍ വരുത്തിയത്. ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്‍റെ കണക്കനുസരിച്ച്, ലോകത്ത് കുറഞ്ഞത് 66 രാജ്യങ്ങളില്‍ ഇപ്പോഴും സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു.