IndiaNEWS

അഗ്നി-5; പരീക്ഷണം വിജയം, 5000 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിനെ തകർക്കാൻ കരുത്ത്; അഭിമാന നേട്ടം

ഭുവനേശ്വർ: അണ്വായുധ വാഹകശേഷിയുള്ള, ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ അഗ്‌നി-5 ന്റെ നൈറ്റ് ട്രയൽ വിജയകരമായി പൂർത്തിയാക്കി. ഇന്നലെ വൈകീട്ട് 5.30 ന് ഒഡീഷയിലാണ് മിസൈൽ പരീക്ഷിച്ചത്. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കാൻ ശേഷിയുണ്ട് അഗ്‌നി-5 മിസൈലിന്.

നേരത്തേ തീരുമാനിച്ചതിനേക്കാൾ മുൻപാണ് പുതിയ പരീക്ഷണം. 2012 മുതൽ ഇതുവരെ ഒമ്പത് പ്രാവശ്യം പരീക്ഷണം നടത്തി. മിസൈലിൽ പുതിയതായി ഉൾപ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്നി-5 ന്റെ നൈറ്റ് ട്രയൽ നടത്തിയത്. മുൻ പതിപ്പുകളേക്കാൾ ഭാരം കുറവാണിതിന്.

Signature-ad

മൊബൈൽ മിസൈൽ ലോഞ്ചർ ഉപയോഗിച്ചാണ് ഇന്നലത്തെ വിക്ഷേപണം നടന്നത്. അഗ്നി മിസൈൽ പരമ്പരയിലെ അത്യാധുനിക പതിപ്പാണ് അഗ്നി-5. 5000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ഇതിന് സാധിക്കും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്നി-1, 2000 കിമീ പരിധിയുള്ള അഗ്നി-2, 2500 കിമീ പരിധിയിലുള്ള അഗ്നി-3, 3500 കിമീ പരിധിയുള്ള അഗ്നി -4 എന്നിവയാണ് ഈ ശ്രേണിയിലെ മുൻഗാമികൾ.

ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് അഗ്നി-5 മിസൈൽ വികസിപ്പിച്ചത്. ട്രക്കുകളിൽ കൊണ്ടുപോവാനും കാനിസ്റ്റർ ഉപയോഗിച്ച് വിക്ഷേപിക്കാനും സാധിക്കുന്ന മിസൈൽ ആണ് അ​ഗ്നി 5.

 

Back to top button
error: