ന്യൂഡല്‍ഹി: വരാനിരിക്കുന്ന ജനസംഖ്യാകണക്കെടുപ്പില്‍ ജാതിസെന്‍സസുണ്ടാകാന്‍ സാധ്യതയില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടേതല്ലാതെ ജാതിയടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുന്ന പതിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. സെന്‍സസിനെ സംബന്ധിച്ച് തമിഴ്നാട്ടില്‍നിന്നുള്ള അംഗം എ. ഗണേശമൂര്‍ത്തിയുടെ ചോദ്യത്തിനായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി. ബിഹാര്‍, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളും ചില സംഘടനകളും അടുത്ത സെന്‍സസില്‍ ജാതിവിവരങ്ങളും ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
മറ്റുവിവരങ്ങള്‍ക്ക് പുറമേ പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിവരങ്ങളാണ് സെന്‍സസില്‍ ശേഖരിക്കുന്നത്. ഇതല്ലാതെ സ്വാതന്ത്ര്യാനന്തരം കേന്ദ്രസര്‍ക്കാരുകള്‍ ജാതി അടിസ്ഥാനത്തില്‍ ജനസംഖ്യാസെന്‍സസ് നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് കാരണമാണ് സെന്‍സസ് നടപടികള്‍ വൈകിയതെന്നും കേന്ദ്രം അറിയിച്ചു. 2021 സെന്‍സസ് കണക്കാക്കി 2019 മാര്‍ച്ചില്‍ത്തന്നെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. അടുത്ത സെന്‍സസ് ഡിജിറ്റലായിരിക്കും. സ്വയംവിവരങ്ങള്‍ നല്‍കാനും വ്യവസ്ഥയുണ്ടാകും.