തൃശ്ശൂർ: 107 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ കരുവന്നൂർ സഹകരണബാങ്കിൽ ഭരണസമിതിയംഗങ്ങളും ജീവനക്കാരും പരിശോധനാഫീസിനത്തിൽ എഴുതിയെടുത്തത് 5,42,36,559 രൂപ. കോടികളുടെ വ്യാജവായ്പ നൽകുന്നതിന് ഇല്ലാത്ത സ്ഥലം പരിശോധന നടത്തിയെന്ന് കാട്ടിയാണ് ഇത്രയും തുക വ്യാജബില്ലുകളിലൂടെ തട്ടിയെടുത്തത്. ബാങ്കിൽ വ്യാപക തട്ടിപ്പ് നടക്കുന്നുണ്ടെന്ന് 2020-ൽ കണ്ടെത്തുന്നതിന് മുമ്പുള്ള ആറു വർഷമാണ് ആയിരക്കണക്കിന് വൗച്ചറുകളിലൂടെ 5.42 കോടി തട്ടിയത്.
പ്രവർത്തനപരിധി കടന്ന് തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള സ്ഥലങ്ങൾ ഈടുവെച്ചാണ് കോടികളുടെ വായ്പ എടുത്തിരുന്നത്. ഈ സ്ഥലങ്ങളിലേക്കുള്ള യാത്രച്ചെലവും അലവൻസും ചേർത്താണ് എഴുതിയെടുത്തത്. 300 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമികാന്വേഷണത്തിൽ സഹകരണവകുപ്പ് കണ്ടെത്തിയത്. 300 കോടിയുടെ വായ്പയ്ക്കായി നൽകിയ സ്ഥലം ഈടിൽ 80 ശതമാനത്തിലും യഥാർഥരേഖകളും സ്ഥലങ്ങളും ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. 40 ശതമാനം വായ്പകളിൽ ഒരേ രേഖകളിലാണ് വിവിധ വായ്പകൾ നൽകിയിരുന്നത്.