CrimeNEWS

പെട്ടെന്ന് കാര്യം നടക്കാൻ 3000 വേണം… പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു! സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ, സബ് രജിസ്ട്രാറുടെ വീട്ടിലും വിജിലൻസ് പരിശോധന

നേമം: സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. നേമം സബ് രജിസ്ട്രാർ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ശ്രീജയെയാണ് കൈക്കൂലിയായി നൽകിയ മൂവായിരം രൂപയുമായി വിജിലൻസ് സംഘം പിടികൂടിയത്. കല്ലിയൂർ പാലപ്പൂര് തേരിവിളവീട്ടിൽ സുരേഷിന്റെ പരാതിയെത്തുടർന്നാണ് വിജിലൻസ് നടപടി.

കഴിഞ്ഞ ശനിയാഴ്ചയാണ് അച്ഛന്റെ പേരിലുള്ള വസ്തു ഇഷ്ടദാനമായി സുരേഷിന്റെ പേരിൽ എഴുതാൻ ഓഫീസിലെത്തിയത്. അസൽ പ്രമാണം ഇല്ലാത്തതിനാൽ അടയാളസഹിതം പകർപ്പെടുക്കാനാണ് സുരേഷ് ഓഫീസിലെത്തിയത്. പെട്ടെന്ന് കാര്യങ്ങൾ നടക്കാൻ മൂവായിരം രൂപ ശ്രീജയ്ക്ക് നൽകാൻ സബ് രജിസ്ട്രാർ ആവശ്യപ്പെട്ടതായി സുരേഷ് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ നോട്ടുമായി ചൊവ്വാഴ്ച രാവിലെ സുരേഷ് സബ് രജിസ്ട്രാർ ഓഫീസിലെത്തി. പണം ശ്രീജയ്ക്കു കൈമാറുകയും ചെയ്തു. ഇതിനിടെ വിജിലൻസ് സംഘം ശ്രീജയെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നേമം സബ് രജിസ്ട്രാർ സന്തോഷിന്റെ കുടപ്പനക്കുന്നിലെ വീട്ടിൽ പരിശോധന നടത്തി.

Signature-ad

വിജിലൻസ് സതേൺ റെയ്ഞ്ച് ഡിവൈ.എസ്.പി. സി.എസ്.വിനോദ്, ജയകുമാർ ടി., ഇൻസ്‌പെക്ടർമാരായ അശ്വിനി, നിസാം, ദിനേഷകുമാർ, എസ്.ഐ.മാരായ സുനിൽ, ഖാദർ, വിജയകുമാർ, ശശികുമാർ, സജികുമാർ, എ.എസ്.ഐ.മാരായ രാജേഷ്, ഉണ്ണി, എസ്.സി.പി.ഒ. കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് അറസ്റ്റിനും നേതൃത്വം നൽകിയത്. അഴിമതി സംബന്ധിച്ച വിവരങ്ങൾ 8592900900 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

Back to top button
error: