ഫേസ്ബുക്കിലെ ജീവനക്കാരിയായ അമ്മയ്ക്ക് ജോലി നഷ്ടപ്പെട്ടതിൻ്റെ സങ്കടം, അമ്മയുടെ ജോലി നഷ്ടപ്പെട്ടതിൽ 6 വയസുകാരി മകള്‍ക്ക് സന്തോഷം!
‘മെറ്റ’യിലെ ജോലി പോയതിലുള്ള സങ്കടത്തിലാണ് അമേരിക്കക്കാരിയായ ഷെല്ലി കാലിഷ് എന്ന യുവതി. രാവിലെ മെയില്‍ നോക്കിയപ്പോഴാണ് ജോലി പോയവിവരം അറിഞ്ഞത്.
‘അതൊരു നീണ്ട മെയിലായിരുന്നു. എനിക്ക് സംശയം തോന്നിയിരുന്നു. ആദ്യത്തെ കുറച്ച് വരികള്‍ക്കപ്പുറം എനിക്ക് വായിക്കാന്‍ സാധിച്ചില്ല. കാരണം അപ്പോഴേക്കും പിരിച്ചുവിടുന്നവരില്‍ ഞാനുമുണ്ടെന്ന് മനസിലായി. പെട്ടെന്ന് തന്നെ ഭര്‍ത്താവിനെ വിളിച്ചു. അദ്ദേഹവും മക്കളും വന്ന് എന്നെ കെട്ടിപ്പിടിച്ചു കുറെ നേരം ഇരുന്നു. ജോലി നഷ്ടമായ കാര്യം ആറു വയസുകാരിയായ മകളോട് പറഞ്ഞപ്പോള്‍ അവള്‍ക്കു സന്തോഷമായി. ഇനി അമ്മയ്ക്ക് എന്നോടൊപ്പം കൂടുതല്‍ സമയം ചെലവിടാമല്ലോ എന്നാണ് അവള്‍ പറഞ്ഞത്. മകളുടെ പ്രതികരണം എന്നെ മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.’
ഷെല്ലി പറഞ്ഞു.
ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകംപനിയാണ് മെറ്റ. കംപനി ഈയടുത്താണ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത്. വരുമാനത്തിലെ ഇടിവും ഡിജിറ്റല്‍ വ്യവസായമേഖലയില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളുമാണ് തീരുമാനത്തിന് കാരണമെന്നാണ് മെറ്റ സി.ഇ.ഒ മാര്‍ക് സകര്‍ബര്‍ഗ് അറിയിച്ചത്. 11,000 ജീവനക്കാരെയാണ് ഫേസ്ബുകിന്റെ പിരിച്ചുവിടല്‍ തീരുമാനം ബാധിച്ചത്.
അങ്ങനെയാണ് ഷെല്ലി കാലിഷ് എന്ന യുവതിക്കും തൊഴിൽ നഷ്ടമായത്. അപ്രതീക്ഷിതമായ ആ വാർത്ത ഷെല്ലിക്ക് ആഘാതമായി. ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്ന് ഭർത്താവുമായി അവൾ ആലോചിച്ചു. അതിനിടയിലാണ് ആറു വയസുകാരി മകള്‍ അമ്മ സങ്കടപ്പെട്ടിരിക്കുന്ന കാരണം തിരക്കിയത്.
ഷെല്ലി മകളോടു കാര്യം പറഞ്ഞു. എന്നാല്‍ അമ്മയുടെ ജോലി പോയതിൽ സന്തോഷമായിരുന്നു ആ കുരുന്നിന്. കാരണം ഇനി അമ്മയെ കൂടിതല്‍ സമയം അടുത്തു കിട്ടുമല്ലോ. അമ്മയ്ക്ക് ജോലിക്ക് പോകേണ്ടാത്തതു കൊണ്ട് ഇനിയും കൂടുതല്‍ സമയം അമ്മയോടൊപ്പം ഒരുമിച്ച് ചെലവിടാം എന്നതാണ് ആറുവയസുകാരിയെ സന്തോഷിപ്പിച്ചത്.
മെറ്റ പ്ലാറ്റ്‌ഫോമുകള്‍ ഈ വര്‍ഷം എന്‍ജിനീയര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതികള്‍ 30 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. സാമ്പത്തികമാന്ദ്യം നേരിടാനുള്ള മുന്നറിയിപ്പ് മാര്‍ക് സക്കര്‍ബര്‍ഗ് ജൂണില്‍ ജീവനക്കാര്‍ക്കും നല്‍കിയിരുന്നു. സ്നാപ് സിഇഒ ഇവാന്‍ സ്പീഗലും മെയ് മാസത്തില്‍ തന്നെ ഒരു മെമോയിലൂടെ ജീവനക്കാരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കംപനി ഈ വര്‍ഷത്തെ നിയമനം മന്ദഗതിയില്‍ നടത്തുമെന്നും പ്രശ്നങ്ങളുടെ വിശാലമായ സ്ലേറ്റ് നിരത്തുമെന്നും മെമോയില്‍ പറഞ്ഞിരുന്നു.