IndiaNEWS

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ആഹ്വാനം; നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍: ”ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ തയാറാവൂ” എന്ന വിവാദ പരാമര്‍ശം നടത്തിയ മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ പട്ടേരിയയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പട്ടേരിയയുടെ വീഡിയോ പുറത്തുവന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഹതയിലെ വസതിയില്‍നിന്നാണ് പട്ടേരിയയെ അറസ്റ്റ് ചെയ്തത്. കൊല്ലുക എന്നുള്ളതുകൊണ്ട് മോദിയെ പരാജയപ്പെടുത്തുക എന്നാണു താന്‍ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം ഉടന്‍ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. പട്ടേരിയയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

മധ്യപ്രദേശിലെ പന്നാ ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് പട്ടേരിയ വിവാദ പ്രസ്താവന നടത്തിയത്. ”മോദി തെരഞ്ഞെടുപ്പുകള്‍ നിര്‍ത്തലാക്കും. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കും. രാജ്യത്തെ ദലിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കില്‍ മോദിയെ കൊല്ലാന്‍ തയാറാവണം” – ഇതായിരുന്നു പട്ടേരിയയുടെ പ്രസ്താവന.

Signature-ad

സംഭവം വിവാദമായതിനു പിന്നാലെ പട്ടേരിയയ്ക്കെതിരേ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. പന്നയിലെ പവായ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരത് ജോഡോ യാത്ര നടത്തുന്നവരുടെ യഥാര്‍ഥ മുഖം പുറത്തുവന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് മത്സരിക്കാന്‍ കഴിവില്ലാത്തവര്‍ അദ്ദേഹത്തെ കൊല്ലുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിദ്വേഷത്തിന്റെ മൂര്‍ധന്യാവസ്ഥയാണിതെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.ഇന്നത്തെ കോണ്‍ഗ്രസ് മഹാത്മാ ഗാന്ധിയുടെ കോണ്‍ഗ്രസ് അല്ലെന്നും മുസോളിനിയുടെ ചിന്താഗതിയുള്ള ഇറ്റാലിയന്‍ കോണ്‍ഗ്രസ് ആണെന്നുമാണ് പട്ടേരിയയുടെ പരാമര്‍ശം സൂചിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. രാജ പട്ടേരിയയുടെ പരാമര്‍ശം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് അഭിപ്രായപ്പെട്ട് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും രംഗത്തെത്തി.

അതേസമയം, കൊലപ്പെടുത്തുക എന്നതുകൊണ്ട് മോദിയെ പരാജയപ്പെടുത്തുക എന്നാണ് ഉദ്ദേശിച്ചതെന്നും ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണെങ്കില്‍ മോദിയെ തെരഞ്ഞടുപ്പില്‍ പരാജയപ്പെടുത്തണമെന്നും പ്രസംഗത്തില്‍ രാജ പട്ടേരിയ വിശദീകരിച്ചിരുന്നു. മഹാത്മാ ഗാന്ധിയുടെ അഹിംസ എന്ന ആശയമാണു താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: