ന്യൂഡല്‍ഹി: അരുണാചലിലെ തവാങ്ങില്‍ ഈ മാസം ഒന്‍പതിന് ചൈനീസ് സൈന്യവുമായുണ്ടായ ഉണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും ഗുരുതര പരുക്കുകളില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നയതന്ത്ര വൃത്തങ്ങള്‍ വഴി വിഷയം ചൈനയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭയില്‍നിന്നു വാക്കൗട്ട് നടത്തി.
അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാന്‍ചൈനീസ് സൈനികര്‍ നടത്തിയശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. അപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തെയും സൈനികര്‍ക്കു പരുക്കുകളുണ്ടായെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഈ വിഷയത്തില്‍ സൈന്യത്തിനു പിന്തുണ നല്‍കുന്നെന്നും പക്ഷേ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടിസ് നല്‍കിയിരുന്നു.
ചൈനീസ് സൈനികരുടെനുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇരു പക്ഷത്തെയും ഏതാനും സൈനികര്‍ക്ക് നിസ്സാര പരുക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷമേഖലയില്‍ നിന്ന് അല്‍പസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ഇരുഭാഗത്തെയും സേനാ കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തി. ചൈനീസ് കടന്നുകയറ്റത്തെത്തുടര്‍ന്ന് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവേയാണ് അരുണാചല്‍ അതിര്‍ത്തിയിലും ചൈനയുടെ പ്രകോപനം.