തിരുവനന്തപുരം: അമ്പൂരി ഗ്രാമപഞ്ചായത്തിൽ പുറുത്തിപ്പാറ വാർഡിൽ 25 ഓളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇന്നലെ കടന്നൽ കുത്തേറ്റു. ഇന്നലെ രാവിലെ 10 മണിയോട് കൂടിയായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളി വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തുകയും കുത്തേറ്റവരെ ആനപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവരിൽ അഞ്ച് പേരുടെ പരിക്ക് ഗുരുതരമായതിനാൽ ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് പരിശോധനകൾക്ക് ശേഷം ഓക്സിജൻ ലെവൽ കുറയുന്നതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൊഴിലാളികളായ ശ്രീലത, കൗസല്യ, മേരി, സോമവല്ലി, ശ്രീജമോൾ എന്നീ തൊഴിലുറപ്പ് തൊഴിലാളികൾ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ ആനപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. രാവിലെ 9.30 നാണ് കടന്നലുകള്‍ ആക്രമണം ആരംഭിച്ചത്. കൗസല്യ, ശ്രീലത, ശ്രീജമോള്‍ എന്നിവര്‍ കടന്നല്‍ കുറ്റേറ്റ് സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞ് വീണിരുന്നു. തൊഴിലുറപ്പ് ജോലികൾ തുടങ്ങുന്നതിന് മുമ്പായിരുന്നു കടന്നലുകള്‍ ആക്രമിച്ചത്. പരുന്ത് കടന്നൽ കൂട്ടിൽ ആക്രമണം നടത്തിയതോടെയാണ് കടന്നലുകൾ അക്രമാസക്തരായതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 22 ന് വയനാട് പൊഴുതനയിലും തൊഴിലുറപ്പ് ജോലിക്കിടെ കടന്നലുകള്‍ ആക്രമിച്ച് പതിനെട്ടോളം തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. പൊഴുതന തേവണ സ്വദേശി ബീരാനായിരുന്നു മരിച്ചത്. വഴുതന വായനാംകുന്ന് കോളനി പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കിടെയാണ് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. പരിക്കേറ്റ മറ്റ് തൊഴിലാളികളെ വൈത്തിരി താലൂക് ആശുപത്രിയിയിലും ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സ തേടിയത്.