ദോഹ: ഖത്തർ ഫിഫ ലോകകപ്പിൽനിന്ന് കാനറികളെ തിരികെ കൂട്ടിലേക്ക് പറത്തി ക്രൊയേഷ്യയുടെ ചുണക്കുട്ടികൾ. ഇനി ‘സുൽത്താൻറെ’ സാന്നിധ്യമില്ല! ബ്രസീലിന്റെ എ ടീമും ബി ടീമുമില്ല…. ബ്രസീലിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ക്രൊയേഷ്യ സെമിയിലെത്തുന്ന ആദ്യ ടീമായി. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിൻറെയും മധ്യനിര എഞ്ചിൻ ലൂക്കാ മോഡ്രിച്ചിൻറേയും കരുത്തിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ പടയോട്ടം. എക്സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിൻറെ ഇടവേളയിൽ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചർ ഗോൾ നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഒരിക്കൽക്കൂടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വെന്നിക്കൊടി പാറിച്ചപ്പോൾ ഗാലറിയിൽ ബ്രസീലിയൻ ആരാധകരുടെ കണ്ണീരൊഴുകി.
ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടറിൻറെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകൾക്കും വല ചലിപ്പിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലെ ബ്രസീലിൻറെ ആക്രമണത്തിൻറെ തുടർച്ച പ്രതീക്ഷിച്ച ആരാധകർക്ക് മുന്നിൽ മോഡ്രിച്ചിൻറെ നേതൃത്വത്തിൽ ക്രൊയേഷ്യ നീക്കങ്ങൾ നടത്തുന്നതും ശക്തമായി പ്രതിരോധിക്കുന്നതുമാണ് കണ്ടത്. 52 ശതമാനം ബോൾ പൊസിഷനും മൂന്ന് ഓൺടാർഗറ്റ് ഷോട്ടുകളുമുള്ള ബ്രസീലിനെതിരെയാണ് ക്രൊയേഷ്യ മികച്ച പ്രകടനം പുറത്തെടുത്തത്.
മൂന്നാം മിനുറ്റിൽ കൊവാസിച്ചിനെ കാസിമിറോ ഫൗൾ ചെയ്തതിന് ക്രൊയേഷ്യക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തൊട്ടുപിന്നാലെ ബ്രസീലിൻറെ പ്രത്യാക്രമണം വിനീഷ്യസ് നയിച്ചെങ്കിലും ഫാർ പോസ്റ്റിലേക്ക് വളച്ച് പന്ത് കയറ്റാനുള്ള ശ്രമം ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് പിടികൂടി. 10-ാം മിനുറ്റിൽ വിനീഷ്യസ് തുടങ്ങിവച്ച മുന്നേറ്റവും ഗോളിലേക്ക് വഴിമാറിയില്ല. 13-ാം മിനുറ്റിൽ പെരിസിച്ചിൻറെ ഫിനിഷിംഗ് ചെറുതായൊന്ന് പിഴച്ചില്ലായിരുന്നെങ്കിൽ ക്രൊയേഷ്യക്ക് ലീഡ് കണ്ടെത്താമായിരുന്നു. 21-ാം മിനുറ്റിൽ നെയ്മറുടെ ശ്രമവും ഗോളിയുടെ കൈകളിൽ വിശ്രമിച്ചു. 23-ാം മിനുറ്റിൽ നെയ്മറുടെ താളം കൃത്യമായി കണ്ട നീക്കത്തിൽ കസിമിറോയ്ക്ക് ഗോൾവല ഭേദിക്കാനായില്ല. 42-ാം മിനുറ്റിൽ ബോക്സിന് തൊട്ട് പുറത്തുവച്ച് കിട്ടിയ ഫ്രീകിക്കിൽ നെയ്മറുടെ ഷോട്ട് കൃത്യം ഗോളിയുടെ കൈകളിലെത്തി.
രണ്ടാംപകുതി ബ്രസീലിയൻ ആക്രമണത്തോടെയാണ് തുടങ്ങിയത്. 66-ാം മിനുറ്റിൽ പക്വേറ്റയുടെ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 76-ാം മിനുറ്റിൽ റോഡ്രിഗോയുടെ മുന്നേറ്റം ഗോളിലേക്ക് വഴിതിരിച്ചുവിടാൻ നെയ്മർ ശ്രമിച്ചപ്പോൾ ഗോളി വിലങ്ങുതടിയായി. 80-ാം മിനുറ്റിൽ പക്വേറ്റയുടെ ഷോട്ടും ഗോളിയിൽ അവസാനിച്ചു. 90 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൽ(105+1) സാക്ഷാൽ സുൽത്താൻ നെയ്മർ ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാൽ 116-ാം മിനുറ്റിൽ ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്കോവിച്ചിൻറെ ലോംഗ് റേഞ്ചർ മത്സരം 120 മിനുറ്റുകളിൽ സമനിലയിലാക്കി. ഇതോടെ ഷൂട്ടൗട്ടിൽ കാര്യങ്ങൾക്ക് തീരുമാനമാവുകയായിരുന്നു. ഗോളിക്കൊപ്പം മോഡ്രിച്ചും ക്രൊയേഷ്യക്കായി മിന്നിത്തിളങ്ങി.
ദക്ഷിണ കൊറിയയെ തരിപ്പണമാക്കിയ അതേ സ്റ്റാർട്ടിംഗ് ഇലവനെയാണ് 4-2-3-1 ശൈലിയിൽ ബ്രസീൽ പരിശീലകൻ ടിറ്റെ ക്വാർട്ടറിൽ അണിനിരത്തിയത്. തിയാഗോ സിൽവ, മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ, ഡാനിലോ എന്നിവരായിരുന്നു പ്രതിരോധ നിരയിൽ. മധ്യനിരയിൽ കാസിമിറോയ്ക്കൊപ്പം ലൂക്കാസ് പക്വേറ്റയെത്തി. അവർക്ക് മുന്നിലായി നെയ്മർ മധ്യത്തിലും വിനീഷ്യസും റഫീഞ്ഞയും രണ്ട് വിങ്ങുകളിലായും വരുന്ന രീതിയിലായിരുന്നു ടീം ഘടന. റിച്ചാർലിസണായിരുന്നു ഗോളടിക്കാനുള്ള ചുമതല. മറുവശത്ത് ലൂക്ക മോഡ്രിച്ച്, ഗ്വാർഡിയോൾ, പെരിസിച്ച്, ക്രാമരിച്ച് അടക്കം അവരുടെ മികച്ച താരങ്ങളെ എല്ലാം ക്രൊയേഷ്യയും കളത്തിൽ ഇറക്കി. 4-3-3 ഫോർമേഷനായിരുന്നു ക്രൊയേഷ്യയുടേത്.
ക്രൊയേഷ്യ സ്റ്റാർട്ടിംഗ് ഇലവൻ: ഡൊമിനിക് ലിവാകോവിച്ച്, യോസിപ് യുറാനോവിച്ച്, ഡീജൻ ലോവ്റൻ, യോഷ്കോ ഗ്വാർഡിയോൾ, ബോർന സോസാ, ലൂക്കാ മോഡ്രിച്ച്, മാർസലോ ബ്രോസവിച്ച്, മറ്റയോ കൊവാസിച്ച്, മാരിയോ പസാലിക്, ആന്ദ്രേ ക്രാമരിച്ച്, ഇവാൻ പെരിസിച്ച്. ബ്രസീൽ സ്റ്റാർട്ടിംഗ് ഇലവൻ: അലിസൺ ബെക്കർ, എഡർ മിലിറ്റാവോ, മാർക്വീഞ്ഞോസ്, തിയാഗോ സിൽവ, ഡാനിലോ, ലൂക്കാസ് പക്വേറ്റ, കാസിമിറോ, റഫീഞ്ഞ, നെയ്മർ ജൂനിയർ, വിനീഷ്യസ് ജൂനിയർ, റിച്ചാർലിസൺ.