IndiaNEWS

മുലായംസിങിന്റെ മെയിന്‍പുരിയില്‍ മരുമകള്‍ ഡിംപിളിന് മിന്നും വിജയം; രണ്ടരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം

ലക്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോകസഭാ സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടി വിജയിച്ചു. മുലായംസിങ് യാദവിന്റെ മരുമകളായ ഡിംപിള്‍ യാദവ് രണ്ടരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ വിജയം നേടിയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ 94,389 ആയിരുന്നു മുലായം സിംഗ് നേടിയ ഭൂരിപക്ഷം. ഇത്തവണ 2,88,461 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ ഡിംപിള്‍ യാദവ് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.

അതേ സമയം, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ തട്ടകമായ രാംപൂരില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തേിലേക്ക് കുതിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ആകാഷ് സക്‌സേന ഇരുപത്തയ്യായിര വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. ഖതൗലിയില്‍ എസ്പി-ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥിക്ക് പതിനാറായിരത്തിന്റെ ലീഡുണ്ട്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലീഡ്. രണ്ടിടങ്ങളിലും ബിജെപി പിന്നിലാണ്. ഒഡീഷയിലെ പദംപൂരില്‍ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥിയാണ് മുന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ 38,000 വോട്ടിന്റെ ലീഡ് ബിജെഡി സ്ഥാനാര്‍ത്ഥിക്കുണ്ട്.

Back to top button
error: