അഹമ്മദാബാദ്: ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗാഡ്വി പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് ഇസുദാന്‍ പരാജയപ്പെട്ടത്. 18000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിര്‍സ്ഥാനാര്‍ത്ഥിയുടെ വിജയം. ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ഇത്തവണ ചൂട് പിടിപ്പിച്ച സഥാനാര്‍ത്ഥികളിലൊരാളായിരുന്നു ഗാഡ്വി. ആംആദ്മി പാർട്ടിയുടെ രംഗ പ്രവേശം വലിയ കോളിളക്കമാണ് ഗുജറാത്തില്‍ സൃഷ്ടിച്ചത്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച് പൊരിഞ്ഞ പ്രചാരണമായിരുന്നു പാര്‍ട്ടി നടത്തിയത്. ബിജെപിയും കോൺഗ്രസും സ്ഥാനാർഥി പട്ടികാ ചർച്ചകൾ നീട്ടിക്കൊണ്ട് പോവുന്നതിനിടയാണ് ആപ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയായി മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഡ്‍വിയെ പ്രഖ്യാപിച്ചത്. ഗുജറാത്തുകാർക്ക് വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതനായ ഗാഡ്വി വിടിവി ഗുജറാത്തി എന്ന ചാനലിലെ പ്രൈം ടൈം ഷോ ആയ മഹാമന്ദന്‍റെ താര പരിവേഷമുള്ള അവതാരകനാണ്.
എഎപി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും നറുക്ക് വീണത് ഇസുദാൻ ഗാഡ്വിക്ക് ആണ്. വാട്സ് ആപ്പ് വഴിയും എസ്എംഎസ് ആയും ഇമെയിൽ ആയുമെല്ലാം സ്ഥാനാർഥിയെ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നു. 70 ശതമാനവും ഗാഡ്വിയെ ആണ് ശുപാർശ ചെയ്തതെന്നാണ് അഹമ്മദാബാദിൽ സ്ഥാനാഥിയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ കെജരിവാൾ പറഞ്ഞത്. അഴിമതിക്കെതിരായ പോരാട്ടം നയമായി അവതരിപ്പിക്കുന്ന ആംആദ്മി പാർട്ടിക്ക് ഇതിലും നല്ല സ്ഥാനാർഥിയെ അവതരിപ്പിക്കാനില്ലെന്നും പറഞ്ഞിരുന്നു.
മാധ്യമ പ്രവർത്തകനെന്ന നിലയിൽ ഗാഡ്വി നടത്തിയിട്ടുള്ള അഴിമതി വിരുദ്ധ വാർത്തകളാണ് എഎപി എടുത്ത് കാട്ടിയത്. ദൂരദർശനിൽ തുടങ്ങി പിന്നീട് ഇടിവി ഗുജറാത്തിയിലും വിടിവി ഗുജറാത്തിയിലുമായുള്ള മാധ്യമപ്രവർത്തന കാലയളവിൽ എണ്ണമറ്റ അഴിമതിക്കഥകളാണ് ഗാഡ്വി പുറത്ത് കൊണ്ട് വന്നത്. വന നശീകരണവും ഖനന അഴിമതിയും മുതൽ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ വരെ വരെ വലിയ ചർച്ചയാക്കി. വിടിവി ഗുജറാത്തിയിലെ മഹാമന്ദൻ എന്ന പ്രൈം ടൈം ഷോ ഒരു മണിക്കൂറിൽ നിന്ന് ഒന്നര മണിക്കൂറാക്കിയത് പ്രേക്ഷകർ നൽകിയ വൻ സ്വീകര്യത കൊണ്ടാണ്.
കൊവിഡ് കാലത്താണ് ഇസുദാൻ ഗാഡ്വി ആംആദ്മി പാർട്ടിയിൽ ചേര്‍ന്നത്. മാധ്യമ പ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങാൻ കൊവിഡ് കാല അനുഭവങ്ങളാണ് പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 14 മാസത്തിനിടെ 1200 രാഷ്ട്രീയ യോഗങ്ങളിലാണ് ഇസുദാൻ ഗാഡ്വി പങ്കെടുത്തത്. ഗുജറാത്ത് മുഴുവൻ രണ്ട് തവണയെങ്കിലും പൂർണമായി പര്യടനം നടത്തി. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ പലയിടത്തും കെട്ടിവച്ചകാശ് പോലും കിട്ടാതിരുന്ന പാർട്ടി 5 വർഷം നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ വിളവെടുപ്പാണ് ഇസുദാൻ ഗാഡ്വിയുടെ നേതൃത്വത്തിൽ ഇത്തവണ കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷകളെല്ലാം വെറുതെയായി, ഗാഡ്വി കന്നിയങ്കത്തില്‍ വിജയം കാണാതെ മടങ്ങി.