NEWSPravasi

ദുബായിയില്‍ ജോലി ചെയ്യുന്ന വടകര സ്വദേശി അലിനെ ഒന്നര മാസമായി കാണാനില്ല, അന്വേഷണം നടത്തണമെന്ന് മാതാപിതാക്കളും കര്‍മ്മസമിതിയും

വടകരയിലെ സ്വകാര്യ കമ്പനി ദുബായിയില്‍ ജോലിക്കായി അയച്ച യുവാവിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ബന്ധുക്കളും കര്‍മ്മസമിതി ഭാരവാഹികളും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൂടാടി ഗ്രാമ പഞ്ചായത്തിലെ നന്തി പുത്തലത്ത് കോരച്ചന്‍ കണ്ടി സതീഷിന്റെയും പ്രമീളയുടെയും മകന്‍ അമല്‍ സതീഷിനെ(29)യാണ് കാണാതായത്. ഒക്ടോബര്‍ 20നാണ് അമല്‍ ദുബായില്‍ നിന്ന് അവസാനമായി അമ്മയെ വിളിച്ചത്. പിന്നീട് അമലിനെ കുറിച്ച് വിവരമൊന്നുമില്ല. അമലിനെ ദുബായിയിലേക്ക് അയച്ച വടകരയിലെ സ്വകാര്യ കമ്പനി അധികൃതരുമായി ബന്ധുക്കള്‍ സംസാരിച്ചപ്പോള്‍ അവരും കൈമലര്‍ത്തുകയാണ് ചെയ്തത്.

2022 ജനുവരി 10നാണ് അമല്‍ വടകരയിലെ സ്വകാര്യകമ്പനിയുടെ ഇന്റവ്യൂയില്‍ പങ്കെടുത്തത്. സെലക്ഷന്‍ കിട്ടിയതിനെ തുടര്‍ന്ന് മാര്‍ച്ച് 20ന് ദുബായയിലേക്ക് പോകുകയും ചെയ്തു. ദുബായ് ഇന്റര്‍നാഷണൽ സിറ്റിയിലെ ജീ പാസ്സ് കോസ്‌മോ ഷോറൂമിലായിരുന്നു ജോലി. വ്യവസ്ഥയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ജോലിചെയ്യേണ്ടിവന്നതുമൂലം അമല്‍ ശാരീരികവും മാനസികമായും അവശനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നു നാട്ടിലേക്ക് പോകാനാവശ്യപ്പെട്ടെങ്കിലും രണ്ട് വര്‍ഷത്തേക്ക് എഗ്രിമെന്റ് ഉള്ളതിനാല്‍ ലീവ് അനുവദിക്കാനാവില്ലെന്ന് കമ്പിനി അധികൃതര്‍ അറിയിച്ചു.

മകന്റെ ശാരീരിക അവശതയറിഞ്ഞ് അച്ഛന്‍ സതീശന്‍ കമ്പനി അധികൃതരുമായി സംസാരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍, അമല്‍ നാട്ടില്‍ വന്നാല്‍ തിരിച്ചു ദുബായിലേക്ക് പറഞ്ഞയക്കാം എന്ന വ്യവസ്ഥയില്‍, ഒക്ടോബര്‍ ഇരുപതിനുളളില്‍ ലീവ് അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അമല്‍ പാസ്‌പോര്‍ട്ടിനായി കമ്പനി അധികൃതരെ സമീപിച്ചെങ്കിലും, കൊടുക്കാന്‍ അവര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം മാനസികമായും ശാരീരികമായും പ്രയാസത്തിലായ അമല്‍ അവസാനമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് കാലത്ത് വീട്ടുകാരെ വിളിച്ചു പ്രയാസങ്ങള്‍ പറഞ്ഞിരുന്നു. അതിനുശേഷം അമലിന്റെ ഫോണ്‍ നിശബ്ദമാകുകയായിരുന്നു. പിന്നീട് ഇതുവരെ അമലിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിട്ടില്ല. വടകര എം പിയായ കെമുരളീധരന്‍, കാനത്തില്‍ ജമീല എം എല്‍ എ, കൊയിലാണ്ടി പോലീസ് എന്നിവര്‍ക്കെല്ലാം ബന്ധുക്കള്‍ പരാതി നല്‍കി. പക്ഷേ മകനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് അച്ചന്‍ സതീഷ് പറഞ്ഞു.

പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ദുബായിലും അന്വേഷണം നടത്തിയിരുന്നു. അമല്‍ സതീഷിന്റെ തിരോധാനത്തെ കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്നാണ് കര്‍മ്മ സമിതിയുടെ ആവശ്യം.

Back to top button
error: