ദില്ലി: ഗുജറാത്തില്‍ അത്ഭുത വിജയം നേടുമെന്ന പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് ഗോദയില്‍ സംസ്ഥാനത്ത് കന്നി അങ്കത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് ഫലം വരുമ്പോള്‍ ആഹ്‌ളാദത്തിന് ഏറെ വകയുണ്ട്. സംസ്ഥാനത്ത് സാന്നിധ്യമറിയിക്കാനായി എന്നതിനപ്പുറം നിയമസഭയില്‍ എഎപി പ്രതിനിധികള്‍ ഇരിപ്പിടവും ഉറപ്പിച്ചു. കന്നി പോരില്‍ അഞ്ച് സ്ഥാനാര്‍ഥികളാണ് വിജയിച്ചു കയറിയത്. ഇതിനൊപ്പം ഒട്ടേറെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനവും എഎപി നേടിയിട്ടുണ്ട്. കോണ്‍ഗ്രസിനാണ് എഎപിയുടെ മുന്നേറ്റം വലിയ തിരിച്ചടി സമ്മാനിച്ചത്.
ആം ആദ്മിപാര്‍ട്ടി ഭരണ വിരുധ വോട്ടുകള്‍ പിളര്‍ത്തിയെന്ന കോണ്‍ഗ്രസ് ആരോപണം ഒരു പരിധി വരെ ശരിയാണ്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ കിട്ടിയ വോട്ട് വിഹിതത്തില്‍ എത്ര ഇടിവുണ്ടായോ അത്രയും വോട്ട് വിഹിതം ഇത്തവണ ആം ആദ്മി പാര്‍ട്ടി നേടി എന്നതും മറ്റൊരു യാഥാര്‍ത്ഥ്യം. ആറിലൊന്ന് മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് ആപ്പ് പിന്തള്ളി. സൗരാഷ്ട്ര മേഖലയിലാണ് അങ്ങനെ നോക്കിയാല്‍ ആപ്പ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ആധിപത്യമുണ്ടായിരുന്ന മേഖലയാണിതെന്നാണ് മറ്റൊരു യാഥാര്‍ത്ഥ്യം. തെക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വലിയ ശക്തിയല്ലായിരുന്നെങ്കിലും ആപ്പ് ഈ മേഖലയിലും വന്‍ മുന്നേറ്റം നടത്തിയതോടെ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലാതായി. ഹിന്ദുത്വ ആശയങ്ങള്‍ മുന്നോട്ട് വച്ച് പ്രചാരണം നടത്തിയ ആപ്പ് ചില മണ്ഡലങ്ങളില്‍ ബിജെപിക്കും തലവേദന ആയിട്ടുണ്ട്.
राष्ट्रीय पार्टी बनने पर आम आदमी पार्टी के सभी कार्यकर्ताओं और सभी देशवासियों को बधाई। pic.twitter.com/sba9Q1sz1f
— Arvind Kejriwal (@ArvindKejriwal) December 8, 2022
അതേസമയം ഗുജറാത്തിലെ പ്രകടനത്തില്‍ എഎപി നേതൃത്വം വലിയ സംതൃപ്തിയാണ് പങ്കുവയ്ക്കുന്നത്. എഎപിക്ക് ദേശീയ പാര്‍ട്ടി പദവി ഇതോടെ ലഭിക്കുമെന്നുറപ്പാണ്. ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ആദ്യ പ്രതികരണം തന്നെ മറ്റൊന്നല്ല. ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചുകൊണ്ടാണ് കെജ്രിവാള്‍, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യ പ്രതികരണം നടത്തിയത്. എഎപിക്കൊപ്പം നിന്ന ജനങ്ങള്‍ക്ക് നന്ദി അറിയിച്ച കെജ്രിവാള്‍ അഹോരാത്രം പണിയെടുത്ത പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചു. ഒപ്പം തന്നെ ആപ്പ് നടത്തിയത് പോസിറ്റീവ് പ്രചാരണമാണെന്നും അതാണ് പാര്‍ട്ടിക്ക് ഗുണമായതെന്നും കെജ്രിവാള്‍ പ്രതികരിച്ചു.