
കോഴിക്കോട് : 13കാരിയെ ലഹരി നല്കി ക്യാരിയര്‍ ആയി ഉപയോഗിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിര്‍ദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. ആദ്യം ലഹരി കലര്‍ത്തിയ ബിസ്ക്കറ്റ് നല്കി. പിന്നീട് ഇന്ജക്ഷന് അടക്കം നല്കി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിനും ഉപയോഗിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. തന്നെപ്പോലെ മറ്റു പലരും ഇങ്ങനെ ഉണ്ടെന്നും കുട്ടി വ്യക്തമാക്കിയിരുന്നു
തനിക്കു ലഹരി മരുന്നു നല്‍കുകയും ലഹരി മരുന്ന് കടത്താന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ അഴിയൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. തെളിവില്ലെന്ന് കണ്ടാണ് യുവാവിനെ വിട്ടയച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പോക്സോ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഈ സാഹചര്യ ത്തിലാണ് ചോമ്പാല പൊലീസിന് സംഭവത്തില്‍ വീഴ്ച പറ്റിയെന്നു കാട്ടി പെണ്‍കുട്ടിയുടെ ഉമ്മ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.
ലഹരി മാഫിയ തന്നെ ഉപയോഗപെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് വിവരം നല്‍കിയിരുന്നതായാണ് പരാതിയില്‍ പറയുന്നത്. സ്റ്റേഷനില്‍ പെണ്‍കുട്ടി എത്തിയ സമയത്ത് ലഹരി സംഘത്തിലെ ചില ആളുകള്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഈ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും പരാതിയില്‍ പറയുന്നു.അതെ സമയം പൊലീസ് നടപടിക്കെതിരെ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റും രംഗത്തെത്തി.






