Health

തണുപ്പുകാലമാണ്, ശൈത്യകാല രോഗങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തുക; ആരോഗ്യത്തിലും ഭക്ഷണകാര്യങ്ങളിലും അശ്രദ്ധ അരുത്: സമ്പൂർണ വിവരങ്ങൾ

    ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിച്ചതിനു പിന്നാലെ കേരളത്തിലും തണുപ്പെത്തി.
തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാല്‍ ഇടനേര ഭക്ഷണമായി ബദാം ഉള്‍പ്പെടുത്താം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബദാമില്‍ 50 ശതമാനവും കൊഴുപ്പാണ്. പക്ഷേ ഇത് ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ്. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, റൈബോഫ്‌ളേവിന്‍ എന്നിവയാല്‍ സമൃദ്ധമായ ബദാമില്‍ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിന്‍ ബി, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള അപകടസാധ്യത കുറയ്ക്കാന്‍ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കാവുന്നതാണ്. ഇത് വെള്ളതില്‍ കുതിര്‍ത്തും കഴിക്കാം. ആരോഗ്യം നല്‍കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന മികച്ച ഭക്ഷണമാണ് ബദാം. പച്ച ബദാമില്‍ ഫോസ്ഫറസ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവ് മെച്ചപ്പെടുത്താനും ബദാം സഹായിക്കും.

മഞ്ഞുകാലത്തെ ഒരു പ്രധാന പ്രശ്‌നമാണ് കാലുകളിലെ വിണ്ടുകീറല്‍. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയ്ക്ക് വരെ കാരണമായേക്കാവുന്ന ഒരു പ്രശ്‌നമാണിത്. ചര്‍മ്മത്തിലെ ഈര്‍പ്പം പൂര്‍ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതിന് കാരണം. പലപ്പോഴും അസഹനീയമായ വേദനയും ഈ സമയം ഉണ്ടാകാറുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ഇതു തടയാനായി ചില പൊടിക്കൈകളുണ്ട്.

പാദങ്ങള്‍ വിണ്ടുകീറുന്നതിന് ഈ ടിപ്‌സ് പരീക്ഷിക്കൂ

പാദങ്ങള്‍ കുറച്ച് നേരം ചെറുചൂടുള്ള വെള്ളത്തില്‍ മുക്കിവയ്ക്കുക. പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് പാദങ്ങള്‍ സ്‌ക്രബ് ചെയ്യുക. പാദങ്ങള്‍ വെള്ളത്തിലിട്ട് കുറച്ച് നേരം വയ്ക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നത് വിണ്ടുകീറല്‍ മാറാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യുക.

ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പന്നമാണ് തേന്‍. ഇത് വരണ്ട പാദത്തെ സുഖപ്പെടുത്താനും അവയെ മൃദുവായി നിലനിര്‍ത്താനും സഹായിക്കും.

വെളിച്ചെണ്ണയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാദങ്ങള്‍ പൊട്ടി രക്തസ്രാവമോ അണുബാധയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അവയെ സുഖപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും വെളിച്ചെണ്ണ സഹായിക്കുന്നു. പാദങ്ങളില്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ വെളിച്ചെണ്ണ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കും.

ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവെയ്ക്കുന്നതും വിണ്ടുകീറലിനെ ചെറുക്കാന്‍ സഹായിക്കും. വിണ്ടുകീറിയ പാദങ്ങളില്‍ കറ്റാര്‍വാഴ പുരട്ടുന്നത് കാലുകളുടെ ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും.

തണുപ്പുകാലത്ത് തണുത്ത വെള്ളത്തിലെ കുളി അത്ര നന്നല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ട്രെസ് കുറയ്ക്കാനും വേദനകളും ക്ഷീണവും കുറയ്ക്കാനും മറ്റും തണുത്തവെള്ളത്തിലെ കുളി ഉത്തമമാണ്. എന്നാല്‍ പോലും തണുപ്പുകാലത്ത് ഈ പതിവ് മാറ്റിവയ്ക്കുന്നതാണ് നല്ലത്. ഹൃദ്രോഗങ്ങള്‍ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മര്‍ദം കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തം കട്ടപിടിക്കുന്നതു മൂലമോ പേശികള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകുന്നത്. തണുത്തവെള്ളം ചര്‍മത്തിലെ രക്തക്കുഴലുകളെ ചുരുക്കും. അതുകൊണ്ടുതന്നെ തണുത്തവെള്ളത്തിലുള്ള കുളി ശരീരത്തിലെ രക്തപ്രവാഹം സാവധാനത്തിലാക്കും. ഇതിന്റെ ഫലമായി രക്തം പമ്പുചെയ്യാന്‍ വേണ്ടി ഹൃദയം വളരെവേഗത്തില്‍ മിടിക്കാനും തുടങ്ങും. അതുകൊണ്ട് തണുപ്പുകാലത്ത് ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് ഉത്തമം. കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ശരീരം ചൂടാക്കി നിലനിര്‍ത്താനും ശ്രദ്ധിക്കണം. ദിവസം അരമണിക്കൂർ വ്യായാമവും വര്‍ക്കൗട്ടും ചെയ്യുന്നതും ശരീരത്തെ ചൂടാക്കുകയും ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ചൂടുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

ശൈത്യ കാലത്ത് ചെയ്യേണ്ട ചര്‍മ പരിപാലനം

♦️​. തണുപ്പ് കാലത്ത് കുളിക്കാൻ ഇളംചൂടുള്ള, തണുപ്പ് മാറിയ വെള്ളം ഉപയോഗിക്കുക. ചര്‍മത്തിന്റെ സ്വാഭാവിക എണ്ണമയത്തെ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.

♦️​. Gentle Skin Cleansers ആണ് സോപ്പിനെക്കാളും നല്ലത്.

♦️​. കുളി കഴിഞ്ഞാല്‍ നനഞ്ഞ തുണികൊണ്ട് മൃദുവായി ഒപ്പി മോയ്സ്ചറൈസിങ് ലോഷൻ പുരട്ടുക. കൂടുതല്‍ വരണ്ട ചര്‍മമുള്ളവര്‍ ക്രീം അല്ലെങ്കില്‍ ഓയിന്റ്മെന്റ് ഉപയോഗിക്കുന്നതാണ് നല്ലത്.

♦️​. സണ്‍സ്‌ക്രീന്‍ ധരിക്കുക. ഇത് തൊലിയുടെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

♦️​. മുഖവും കയ്യും കാലും പ്രത്യേകം ശ്രദ്ധിക്കുക. ഇടയ്ക്കിടെ മോയ്സ്ചറൈസർ പുരട്ടുക.

♦️​. ഡിറ്റർജന്റുകളും ക്ലീനിങ് വസ്തുക്കളും ഉപയോഗിക്കുന്നവര്‍ സംരക്ഷണ ഉപാധികള്‍ സ്വീകരിക്കുക.

♦️​. നഖത്തിനും മുടിക്കും പ്രത്യേക പരിചരണം കൊടുക്കുക. ട്രിം ചെയ്ത് വയ്ക്കുന്നത് വളരെ നല്ലതാണ്. താരനുള്ളവര്‍ അതിനുതകുന്ന ഷാംപൂ ഉപയോഗിക്കുക. എണ്ണ ഇടുന്നത് നല്ലതാണ്, പക്ഷേ പൊടിയും മണ്ണും അടിക്കാതെ നോക്കുക.

♦️​. ധാരാളം വെള്ളം കുടിക്കുക, ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ള ആഹാരം (മീന്‍, അണ്ടിപ്പരിപ്പുകള്‍) ധാരാളം കഴിക്കുക.

മഞ്ഞുകാലത്ത് കുടിക്കാം ക്യാരറ്റ് ജ്യൂസ്

✤ ക്യാരറ്റ് വിറ്റാമിന്‍ സിയുടെ കലവറയാണ്. കൂടാതെ ആന്റി ഓക്‌സിഡന്റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

✤ കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസിനു കഴിയും.

✤ ബീറ്റാ കരോട്ടിന്‍ അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്

✤ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയതിനാല്‍ കാഴ്ചശക്തിക്ക് വളരെ നല്ലതാണ്. കൂടാതെ ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. ഇവയെല്ലാം കണ്ണിന് വളരെ ഗുണകരമാണ്.

✤ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് ഉത്തമം. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തെ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കും.

തണുപ്പുകാലത്ത് തൊണ്ട, മൂക്ക്, ചെവി എന്നിവയിലുണ്ടാകുന്ന രോഗങ്ങള്‍ മാത്രമല്ല, ഇവയില്‍ അനുഭവപ്പെടുന്ന നിസ്സാരമായ അസ്വസ്ഥതകള്‍ പോലും അവഗണിക്കാന്‍ പാടില്ല; പ്രത്യേകിച്ചും ഈ കൊവിഡ് അനന്തര കാലത്ത്. ഈ മുന്നറിയിപ്പിനു കാരണം, ഇത്തരം പ്രയാസങ്ങള്‍ നാം ഉദ്ദേശിക്കാത്ത തലത്തിലുള്ള രോഗാവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കും എന്നന്നതിനാലാണ്.

തണുപ്പുകാലത്ത് അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന ചിലതരം പൂമ്പൊടികള്‍ ചിലരില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ അവരുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റിക്കും. നാം അറിയുന്നതും അറിയാത്തതുമായ അനേകതരം വൃക്ഷലതാദികള്‍ പൂവിടുന്നതും പരാഗണം നടത്തുന്നതും തണുത്ത കാലാവസ്ഥയിലാണ്. അങ്ങനെയാണ് തണുത്ത അന്തരീക്ഷത്തില്‍ ഇത്തരം പൂമ്പൊടികള്‍ അലിഞ്ഞലിഞ്ഞ് കാറ്റില്‍ കലര്‍ന്ന് നമ്മുടെ മൂക്കിലുമെത്തുന്നത്. ചിലതരം പൂമ്പൊടിയുടെ അലര്‍ജി മൂലം മൂക്കിനുള്ളില്‍ തടിച്ചുവീര്‍ക്കലുണ്ടായി ശ്വാസോച്ഛ്വാസത്തിന് തടസ്സമുണ്ടാകാം. അത്തരം രോഗികളുടെ എണ്ണം തണുപ്പുകാലത്ത് വര്‍ദ്ധിച്ചുവരികയാണ്.

അലര്‍ജിയുടെ ഭാഗമായി അധികമായ തുമ്മല്‍, ജലദോഷം, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവ ഉണ്ടാവും. അലര്‍ജിയുടെ അടുത്ത ഘട്ടം മൂക്കിന്റെ അകത്തെ തൊലിയില്‍ നീരുകെട്ടുന്ന അവസ്ഥയാണ്. അങ്ങനെ നീരുകെട്ടുമ്പോള്‍ സൈനസുകളുടെ ബഹിര്‍ഗമനമാര്‍ഗ്ഗം അടയുകയും അത് സൈനസ് ഇന്‍ഫക്ഷന് കാരണമാവുകയും ചെയ്യും. ഈ ഘട്ടത്തില്‍ അലര്‍ജിക്കു ചികിത്സിക്കാതിരുന്നാല്‍ അത് മൂക്കിനുള്ളില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. ചിലപ്പോള്‍ മൂക്കിനുള്ളില്‍ പോളിപ്പ് (ദശ വളര്‍ച്ച) വരാന്‍ പോലും കാരണമാവും. കഠിനമായ തലവേദനയും പനിയും ഇതു മൂലമുണ്ടാകാം. മണം അറിയാനുള്ള കഴിവ് നഷ്ടപ്പെടും എന്നതാണ് ഇതിന്റെ മറ്റൊരു ദൂഷ്യവശം. മൂക്കിലുണ്ടാകുന്ന ഈ പ്രശ്‌നം ചെവിയെയും ബാധിക്കും. മൂക്കിന്റെയും ചെവിയുടെയും ഈവിധ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്. അസ്വസ്ഥതയുടെ ലക്ഷണം കണ്ടാലുടന്‍ വൈദ്യസഹായം തേടണം

Back to top button
error: