Movie

ജയറാം- രാജസേനൻ ടീം അണിയിച്ചൊരുക്കിയ ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ’ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ട് ഇന്ന് 24 വർഷം

സിനിമ ഓർമ്മ

രാജസേനൻ സംവിധാനം ചെയ്ത ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 24 വർഷം പൂർത്തിയായി. ജയറാമിന്റെ കൂടെ കസറിയ ശ്രുതി എന്ന കന്നഡ നടി ഇപ്പോൾ കർണ്ണാടക ബി.ജെ.പി വനിതാവിഭാഗം സെക്രട്ടറിയാണ്. ‘അപ്പൂട്ടന്’ മുൻപ് മമ്മൂട്ടിയോടൊപ്പം ‘ഒരാൾ മാത്രം’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്നു ശ്രുതി. ‘അപ്പൂട്ടനി’ൽ നാട്ടിലെ ഒരു പ്രമാണിയുടെ സാമ്പത്തികസഹായത്താൽ പഠിച്ച് ഡോക്ടറാവുന്ന നിശ്ചയദാർഢ്യമുള്ള സ്ത്രീയുടെ വേഷമായിരുന്നു ശ്രുതിക്ക്.

ജയറാം അവതരിപ്പിച്ച സഹായ മനസ്കന്റെ കഥാപാത്രാവിഷ്ക്കാരവും ശ്രദ്ധിക്കപ്പെട്ടു. താൻ കാശ് ചിലവാക്കി പഠിപ്പിച്ച് വലുതാക്കിയവൾ തനിക്ക് വശംവദയാവും എന്ന മിഥ്യാധാരണ വച്ച് പുലർത്തിയിരുന്ന സമ്പന്ന കഥാപാത്രമായിരുന്നു ജയറാം. സി.വി ബാലകൃഷ്ണന്റെ കഥയ്ക്ക് മണി ഷൊർണൂർ തിരക്കഥയും രാജൻ കിഴക്കനേല സംഭാഷണവും രചിച്ചു.
ബേണി-ഇഗ്നേഷ്യസുമാരുടെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. എസ് രമേശൻ നായർ എഴുതിയ ‘ആവണിപ്പൊന്നൂഞ്ഞാൽ’, പന്തളം സുധാകരൻ എഴുതിയ ‘എന്റെ മൗനരാഗമിന്ന് നീയറിഞ്ഞുവോ’, ചിറ്റൂർ ഗോപി രചിച്ച ‘നാലുകെട്ടിൻ അകത്തളത്തിൽ’ എന്നീ ഗാനങ്ങൾ മലയാളികൾ ഇന്നും ഓർക്കുന്നു.

സമ്പാദകൻ: സുനിൽ കെ. ചെറിയാൻ

Back to top button
error: