SportsTRENDING

കങ്കാരൂകളെ കടൽ കടത്തി മെസിപ്പട…. കാൽപന്തുകളിയുടെ മിശിഹായും പിള്ളേരും ഖത്തറിൽ കളി തുടരും

ദോഹ: ലിയോണൽ മെസിയുടെ സുവർണകാലുകൾ തുടക്കമിട്ടു, ജൂലിയൻ ആൽവാരസ് അതിസുന്ദരമായി പൂർത്തിയാക്കി, ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയൻ വൻമതിൽ പൊളിച്ച് അർജൻറീന ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്. ആദ്യപകുതിയിലെ ലിയോണൽ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റിൽ ജൂലിയൻ ആൽവാരസിലൂടെ അർജൻറീന ലീഡ് രണ്ടാക്കിയപ്പോൾ 77-ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസ് ഓൺഗോൾ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്.

Signature-ad

കിക്കോഫായി നാലാം മിനുറ്റിൽ ഗോമസിൻറെ ക്രോസ് ബാക്കസിൻറെ കയ്യിൽ തട്ടിയപ്പോൾ അർജൻറീനൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. 18-ാം മിനുറ്റിൽ ഓസീസ് മുന്നേറ്റം ഗോൾലൈനിനരികെ ഡി പോൾ തടുത്തു. അർജൻറീനൻ താരങ്ങളെ ബോക്‌സിലേക്ക് കയറാൻ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്ട്രേലിയൻ ഡിഫൻസ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റിൽ മെസിയുടെ സുന്ദരൻ ഫിനിഷിംഗ്. എല്ലാം തുടങ്ങിയത് ഒരു ഫ്രീകിക്കിൽ നിന്നാണ്. മെസിയെടുത്ത കിക്ക് സൗട്ടർ തട്ടിയകറ്റി. പന്ത് വീണ്ടും കാലുകൊണ്ട് വീണ്ടെടുത്ത മെസി മാക് അലിസ്റ്ററിന് മറിച്ചുനൽകി. അവിടെനിന്ന് ബോൾ നേരെ ഡീ പോളിലേക്ക്. വീണ്ടും കാൽകളിലേക്ക് നീന്തിയെത്തിയ പന്തിനെ മെസി, റയാന് അർധാവസരം പോലും നൽകാതെ വലയിലെത്തിക്കുകയായിരുന്നു.

50-ാം മിനുറ്റിൽ പപു ഗോമസിനെ വലിച്ച് അർജൻറീന ലിസാണ്ട്രോ മാർട്ടിനസിനെ ഇറക്കി. തൊട്ടുപിന്നാലെ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് റയാൻ അനായാസം പിടികൂടി. എന്നാൽ 57-ാം മിനുറ്റിൽ അർജൻറീന ലീഡ് രണ്ടാക്കി. റോൾസിൻറെ ബാക് പാസ് തട്ടിയകറ്റാൻ റയാൻ വൈകിയപ്പോൾ ഡി പോൾ നടത്തിയ ഇടപെടലാണ് ആൽവാരസിൻറെ കാലുകളിലേക്ക് പന്ത് എത്തിച്ചത്. 77-ാം മിനുറ്റിൽ ഗുഡ്‌വിൻറെ ലോംഗ് റേഞ്ചർ ഷോട്ട് എൻസോയുടെ ഡിഫ്ലക്ഷനിൽ വലയിലേക്ക് തുളഞ്ഞുകയറി. പിന്നാലെ ഇരു ടീമുകളും അടുത്ത ഗോളിനായി പൊരുതിയെങ്കിലും അർജൻറീന 2-1ന് മത്സരം തങ്ങളുടേതായി അവസാനിപ്പിച്ചു. അവസരങ്ങൾ കളഞ്ഞുകുളിച്ച് ലൗറ്റാരോ മാർട്ടിനസ് അർജൻറീനൻ വിജയത്തിൻറെ ശോഭ കുറച്ചു. ഇഞ്ചുറിടൈമിൻറെ അവസാന സെക്കൻഡുകളിൽ വമ്പൻ സേവുമായി എമി മാർട്ടിനസ് താരമായി.

4-3-3 ശൈലിയിൽ സ്‌കലോണി അർജൻറീനയെ കളത്തിലിറക്കിയപ്പോൾ പപു ഗോമസും ലിയോണൽ മെസിയും ജൂലിയൻ ആൽവാരസുമായിരുന്നു മുന്നേറ്റത്തിൽ. മധ്യനിരയിൽ റോഡ്രിഗോ ഡി പോളും എൻസോ ഫെർണാണ്ടസും മാക് അലിസ്റ്ററും ഇടംപിടിച്ചപ്പോൾ നഹ്വെൽ മൊളീനയും ക്രിസ്റ്റ്യൻ റൊമീറോയും നിക്കോളസ് ഒട്ടോമെണ്ടിയും മാർക്കോസ് അക്യൂനയുമാണ് പ്രതിരോധം കാത്തത്. ഗോൾബാറിന് കീഴെ എമി മാർട്ടിസിൻറെ കാര്യത്തിൽ മാറ്റമില്ല. പരിക്കേറ്റ ഏഞ്ചൽ ഡി മരിയ ഇന്ന് ഇലവനിലുണ്ടായിരുന്നില്ല.

അതേസമയം ഗ്രഹാം അർനോൾഡ് 4-4-2 ശൈലിയിൽ ഇറക്കിയ ഓസ്ട്രേലിയയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ മിച്ചൽ ഡ്യൂക്കും റൈലി മഗ്രീയും ആക്രമണത്തിലും ക്യാനു ബാക്കസ്, ജാക്‌സൺ ഇർവിൻ, ആരോൺ മോയി, മാത്യൂ ലെക്കീ എന്നിവർ മധ്യനിരയിലും അസീസ് ബെഹിച്ച്, കൈ റോൾസ്, ഹാരി സൗട്ടർ, മിലോസ് ഡെഗെനെക് എന്നിവർ പ്രതിരോധത്തിലും എത്തിയപ്പോൾ മാത്യൂ റയാനാണ് ഗോളി. അർജൻറീനൻ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം എന്ന് മത്സരത്തിന് മുമ്പേ ഉറപ്പായിരുന്നു.

 

ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനൽ കരിയറിൽ ലിയോണൽ മെസി 1000 മത്സരങ്ങൾ പൂർത്തിയാക്കി. അർജൻറീനയ്ക്കായി 169 മത്സരങ്ങൾ കളിച്ച മെസി ക്ലബ് തലത്തിൽ ബാഴ്‌സലോണയിൽ 778 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി. കരിയറിലെ ആയിരാമത്തെ മത്സരത്തിൽ മെസി വല ചലിപ്പിക്കുകയും ചെയ്തു.

Back to top button
error: