തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ആരാധനാലയങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണ് ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ക്ഷേത്രങ്ങളിൽ ഫോൺ സൂക്ഷിക്കുന്നതിനുള്ള ലോക്കറുകൾ സ്ഥാപിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും.
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈൽ ഫോണുകൾ ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുമെന്നും ദൈവങ്ങളുടെ ചിത്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നത് നിയമ ലംഘനമാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു.
ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ക്ഷേത്രങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും, സ്ത്രീകളിൽ സമ്മതമില്ലാതെ ചിത്രങ്ങൾ പകർത്തുന്നുവെന്ന ഭയം ഉണ്ടാകുമെന്നും ഹർജിയിൽ പറയുന്നുണ്ട്.