കോട്ടയം: മണർകാട് – ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ അപകടത്തിൽപ്പെട്ട് നാല് വൈദ്യുതി പോസ്റ്റുകൾ തകർത്തു. നാല് വൈദ്യുതി പോസ്റ്റുകൾ ഇടിച്ചൊടിച്ച കാർ മതിലും തകർത്താണ് നിന്നത്. അപകടത്തെ തുടർന്നു കാറിന്റെ എയർ ബാഗ് കൃത്യമായി പ്രവർത്തിച്ചതിനാൽ ഡ്രൈവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു.
എന്നാൽ, കാറോടിച്ച ഡ്രൈവർ മറ്റൊരു കാറിൽ കയറി രക്ഷപെട്ടതായി ദൃക്‌സാക്ഷികൾ ആരോപിച്ചു. വാഹനം ഓടിച്ചയാളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചില്ലെന്നു പൊലീസും അറിയിച്ചു. രാത്രി 9.45നായിരുന്നു അപകടം. മണർകാട് ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ടു റോഡരികിലെ വീടിന്റെ മതിലിൽ ഇടിച്ച് മുൻവശത്തെ പാസഞ്ചർ സീറ്റിന്റെ ഡോർ പൊളിഞ്ഞു വീണു.
തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റിനും മതിലിനിടയിലൂടെ മുൻപോട്ട് കുതിച്ച് പാഞ്ഞ് മറ്റൊരു മതിലിലിടിച്ച് മതിലും പോസ്റ്റും തകർത്തു. അമിത വേഗമെത്തിയ കാർ തുടർന്നും മുൻപോട്ട് നീങ്ങി രണ്ടാമത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ മറ്റ് രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നു. വൈദ്യുതി കമ്പികൾ പൊട്ടി വഴിയിൽ വീണതിനാൽ ബൈപ്പാസ് റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.