കൊച്ചി: ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍. ഹിഗ്വിറ്റ എന്ന പേര് വിലക്കിയ ഫിലിം ചേമ്പര്‍ നടപടിക്കെതിരേ ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്‍ രംഗത്ത്. എന്‍.എസ് മാധവന്റെ പുസ്തകവുമായി ചിത്രത്തിന്
ഒരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ഹേമന്ത് ജി നായര്‍ പറഞ്ഞു. ചിത്രത്തിന്റെ പേര് മാറ്റാനാവില്ലെന്ന് വ്യക്തമാക്കിയ ഹേമന്തിനെ ഫെഫ്ക പിന്തുണച്ചു.
എന്നാല്‍, തന്റെ കഥ സിനിമയാക്കുന്നതിന് മുമ്പ് ആ പേര് മറ്റൊരാള്‍ എടുക്കുന്നതിലുള്ള വിഷമമാണ് പറഞ്ഞതെന്ന് എന്‍.എസ് മാധവന്‍ വ്യക്തമാക്കി. പകര്‍പ്പവകാശത്തിന്റെ പ്രശ്നമില്ല. തന്റെ വാദം നിയമപരമായി നിലനില്‍ക്കില്ല. എന്‍.എസ് മാധവന്‍ പറഞ്ഞു. തന്റെ കഥ സിനിമയാക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫിലിം ചേമ്പര്‍. കഥാകൃത്ത് ഉന്നയിച്ച വിഷയങ്ങളിലടക്കം സംവിധായകനോട് വിശദ്ദീകരണം തേടും. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പേര് കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം.
സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിസംബര്‍ അവസാനം പ്രേക്ഷകരിലേക്കെത്തുമെന്നാണ് കരുതുന്നത്.