കൊച്ചി: ഒരു മണിക്കൂര്‍ മരണത്തെ മുഖാമുഖം കണ്ട് സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാര്‍. 197 യാത്രക്കാരുമായി സൗദിയിലെ ജിദ്ദയില്‍നിന്നു കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സ്‌പൈസ് ജെറ്റിന്റെ എസ്.ജി 036 കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്.
ജിദ്ദയില്‍നിന്നും കോഴിക്കോട്ടേക്ക് തിരിച്ച സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് കൊച്ചിയിലേക്ക് വന്നത്. ഇതിനിടെ വിമാന അധികൃതര്‍ ഇക്കാര്യം യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.
വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് 5.59 നാണ് വിമാനത്താവളത്തില്‍ ആദ്യം ജാഗ്രതാ നിര്‍ദേശം ലഭിക്കുന്നത്. തുടര്‍ന്ന് 6.29 ന് രണ്ടു വിമാനത്താവളങ്ങളിലും സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളിലടക്കം ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിനിടെ രണ്ടു പ്രാവശ്യം കോഴിക്കോടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യമുണ്ടായി. കോഴിക്കോട് ലാന്‍ഡ് ചെയ്യാനാവില്ലെന്നു വ്യക്തമായതോടെ കൊച്ചിയിലേക്കു പറത്തിയ വിമാനം ഇവിടെ മൂന്നു തവണ ലാന്‍ഡു ചെയ്യാന്‍ ശ്രമം നടത്തിയ ശേഷം 7.19 നാണു സുരക്ഷിതമായി ഇറക്കാനായത്.
എട്ടര വരെയുള്ള സമയത്തേക്ക് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും വിമാനം സുരക്ഷിതമായി ഇറക്കിയതോടെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. കോഴിക്കോടേക്കു പോകേണ്ട യാത്രക്കാരെ ദുബായില്‍ നിന്നെത്തുന്ന എസ്ജി 17 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുമെന്നു സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. വൈകിട്ട് 6.26ന് കോഴിക്കോട് ഇറങ്ങേണ്ടസ്‌പൈസ് ജെറ്റിന്റെ വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് അടിയന്തര സാഹചര്യം സൃഷ്ടിച്ചത്.
188 മുതിര്‍ന്നവരും മൂന്നു കുട്ടികളുമാണ് യാത്രക്കരും രണ്ടു പൈലറ്റുമാരടക്കം ആറു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.