LIFEMovie

‘ഹിഗ്വിറ്റ’ എന്ന പേര് സിനിമയ്ക്ക് നല്‍കില്ലെന്നു ഫിലിം ചേംബര്‍ അറിയിച്ചതായി എന്‍.എസ് മാധവന്‍; പേര് മാറ്റില്ലെന്നു സംവിധായകന്‍

കൊച്ചി: ‘ഹിഗ്വിറ്റ’ എന്ന പേരില്‍ ഹേമന്ത് ജി.നായരുടെ സിനിമ ഇറങ്ങില്ലെന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി എന്‍.എസ് മാധവന്‍െ്‌റ ട്വീറ്റ്. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതിന് കേരള ഫിലിം ചേംബറിന് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഹേമന്ത് ജി നായരുടെ സിനിമയ്ക്ക് ആശംസകള്‍ അറിയിക്കുന്നുവെന്നും എന്‍.എസ് മാധവന്‍ കുറിച്ചു.

എന്നാല്‍, ഫിലിം ചേംബറില്‍ നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അതേസമയം, ഹിഗ്വിറ്റ എന്ന പേര് മാറ്റില്ല എന്ന പ്രതികരണവുമായി സംവിധായകന്‍ ഹേമന്ത് ജി.നായരും രംഗത്തെത്തിയിരുന്നു. തന്റെ സിനിമയ്ക്കിട്ട ഹിഗ്വിറ്റ എന്ന പേര് ഒരുതരത്തിലും മാറ്റില്ലെന്നു പറഞ്ഞ സംവിധായകന്‍, എന്‍.എസ്. മാധവനെ മനപ്പൂര്‍വം വേദനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍െ്‌റ ഹിഗ്വിറ്റയുമായി തന്റെ സിനിമയ്ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.

Signature-ad

”ഹിഗ്വിറ്റ എന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണത്. രാഷ്ട്രീയ നേതാവിന്റെ ധര്‍മ്മം അയാളുടെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്. ഒരു കളിക്കളത്തിലെ ഗോളി ചെയ്യുന്നതും അതേ ധര്‍മ്മം തന്നെയാണ്. അങ്ങനെയൊരു പ്രതീകമായാണ് ഈ പേരിലേക്കെത്തിയത്. ഹേമന്ത് പറയുന്നു. ചിത്രം ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തുകയാണ്. ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൂടിയേ ബാക്കിയുള്ളൂ എന്നും അതു കൊണ്ടു തന്നെ അവസാന നിമിഷം പേരു മാറ്റാന്‍ സാധിക്കില്ല”- ഹേമന്ത് പറയുന്നു.

ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എന്‍.എസ് മാധവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് പിന്തുണയുമായി സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും രംഗത്തെത്തിയിരുന്നു.

 

 

 

Back to top button
error: