മുംബൈ: കൊറിയൻ വനിതാ യുട്യൂബർക്ക് നേരെ മുംബൈയിൽ ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ നഗരത്തിലെ ഖാർ എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു രണ്ട് യുവാക്കൾ കൊറിയയിൽ നിന്നുള്ള യുട്യൂബർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ദക്ഷിണ കൊറിയയിൽ നിന്നുള്ള 24കാരിയായ യുട്യൂബർക്കാണ് മുംബൈയിലെ തിരക്കേറിയ തെരുവിൽ നിരവധി ആളുകൾ നോക്കിനിൽക്കേ അതിക്രമത്തിനിരയാകേണ്ടി വന്നത്. ബാന്ദ്രയുടെ വടക്കൻ മേഖലയിലാണ് സംഭവം നടന്ന ഖാർ സ്ഥിതി ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലൈവ് വീഡിയോ നിരവധിപ്പേരാണ് കണ്ടത്. ഇതിന് പിന്നാലെ ട്വിറ്ററിലും യുട്യൂബിലും രാജ്യത്ത് വിദേശ വനിതയ്ക്ക് നേരിടേണ്ടി വന്ന അതിക്രമത്തേക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.
Last night on stream, there was a guy who harassed me. I tried my best not to escalate the situation and leave because he was with his friend. And some people said that it was initiated by me being too friendly and engaging the conversation. Makes me think again about streaming. https://t.co/QQvXbOVp9F
— Mhyochi (@mhyochi) November 30, 2022
യുവതി ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ഒരു യുവാവ് ഇവരുടെ കൈയിൽ ബലമായി കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുട്യൂബറുമായി സംസാരിക്കുന്നതിനിടെ യുവാവ് കൈയിൽ കടന്നുപിടിക്കുന്നതും അയാളുടെ ബൈക്കിൽ കയറാൻ നിർബന്ധിച്ച് വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ഇയാൾ ചുംബിക്കാൻ ശ്രമിക്കുന്നു. പകച്ചുപോയ യുവതി നിരന്തരം പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ഇവർ മുന്നോട്ടു നടക്കുന്നു. ഇതിനിടെ യുവാവ് മറ്റൊരാളുമായി ബൈക്കിലെത്തി യുവതിയെ പിന്തുടരുകയും വാഹനത്തിൽ കയറാൻ നിർബന്ധിക്കുകയും ചെയ്യുന്നു. തന്റെ വീട് അടുത്താണെന്ന് പറഞ്ഞ് യുവതി മുന്നോട്ടു നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുവതിയുടെ പ്രായം ചോദിച്ച ശേഷം ആയിരുന്നു യുവാവ് അതിക്രമം നടത്തിയത്. കയ്യിൽ പിടിച്ച് വലിക്കുന്നതിനിടെ യുവതി നിഷേധിച്ചിട്ടും യുവാവ് അതിക്രമം തുടരുകയായിരുന്നു.
ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. അതിക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് അതിക്രമത്തിനിരയായ യുവതിയും കുറിപ്പ് പങ്കുവച്ചു. ഒരു യുവാവ് അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും ഒഴിഞ്ഞുമാറാൻ താൻ പരമാവധി ശ്രമിച്ചുവെന്നും യുവതി കുറിപ്പിൽ പറയുന്നു. എന്നാൽ താനാണ് അതിക്രമത്തിന് അവസരമൊരുക്കിയതെന്ന നിലയിലെ പ്രതികരണങ്ങൾ വന്നതിന് പിന്നാലെയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ഇരുപത്തിനാലുകാരിയായ യുട്യൂബർ വിശദമാക്കി.
സംഭവത്തിന് പിന്നാലെ രണ്ട് യുവാക്കളും അറസ്റ്റിലായതായി മുംബൈ പൊലീസ് അറിയിച്ചു. ഔദ്യോഗിക പരാതി ലഭിച്ചിരുന്നില്ലെന്നും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. പുറത്ത് വന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ മൊബീൻ ചന്ദ് മൊഹമ്മദ് ഷെയ്‌ഖ്, മൊഹമ്മദ് നഖീബ് സദ്രിയാലം അൻസാരി എന്നിവരാണ് അറസ്റ്റിലായത്.