അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാനയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിലേക്ക് കാള ഇടിച്ചുകയറി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് റാലിയെ അഭിസംബോധന ചെയ്യവെയാണ് സംഭവം. ജനക്കൂട്ടത്തിനിടയിലേക്കു തലങ്ങുംവിലങ്ങും കാള ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ജനക്കൂട്ടത്തോടു ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിച്ച ഗെലോട്ട്, കാളയെ ജനക്കൂട്ടത്തിനിടയിലേക്ക് അയച്ചത് ബി.ജെ.പിയാണെന്നു കുറ്റപ്പെടുത്തി. ”ഇത് ബി.ജെ.പിയുടെ ഗൂഢാലോചനയാണ്. കോണ്‍ഗ്രസ് യോഗങ്ങള്‍ തടസപ്പെടുത്താന്‍ അവര്‍ പലപ്പോഴും ഈ തന്ത്രം സ്വീകരിക്കുന്നു” അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ 182 സീറ്റുകളിലേക്ക് രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിനായി ഇന്നലെ പ്രരസ്യപ്രചാരണം അവസാനിച്ചു. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍. ഭരണകക്ഷിയായ ബി.ജെ.പിക്ക് പുറമേ കോണ്‍ഗ്രസും എ.എ.പിയുമാണ് പ്രധാനമായി മത്സര രംഗത്തുള്ളത്.