ന്യൂഡല്‍ഹി: ഗുണ്ടാസംഘങ്ങളെ കണ്ടെത്തുന്നതിനായി രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഗുണ്ടാ സംഘങ്ങള്‍ ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ആറു ജില്ലകളില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള ജനവാസ കേന്ദ്രങ്ങളില്‍ അടക്കമാണ് പരിശോധന നടത്തുന്നത്. ഗുണ്ടാസംഘങ്ങളും തീവ്രവാദികളും മയക്കുമരുന്ന് മാഫിയയും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിരുന്നു.
കൂടാതെ ഇതിലെ ചില സംഘങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും സൂചന ലഭിച്ചിരുന്നു. പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയ്, നീരജ് ബവാന, ടില്ലു ടാസ്പുറിയ, ഗോള്‍ഡി ബ്രാര്‍ തുടങ്ങിയവരുടെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.